LiveTV

Live

UAE

യു.എ.ഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് നാട്ടിൽ പോകാന്‍ അവസരം

കാലാവധിയുള്ള പാസ്പോർട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളങ്ങളിൽ എത്തിയാൽ മതി

യു.എ.ഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് നാട്ടിൽ പോകാന്‍ അവസരം

യു.എ.ഇയിൽ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവർക്ക് പിഴയില്ലാതെ നാട്ടിൽ പോകാൻ പാസ്പോർട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് എമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിന്‍റെ മറ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്ക് ആഗസ്റ്റ് 18 വരെ പിഴയില്ലാതെ നാട്ടിലേക്ക് പോകാൻ അനുമതിയുണ്ടാകും. കോവിഡ് കാലത്ത് അഥവാ മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി തീർന്നവർക്ക് ഈവർഷം ഡിസംബർ 31 വരെ യു.എ.ഇയിൽ തുടരാമെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കുന്നതിന് മുൻകൂട്ടി എമിഗ്രേഷനിലെത്തേണ്ട കാര്യമില്ല. കാലാവധിയുള്ള പാസ്പോർട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളങ്ങളിൽ എത്തിയാൽ മതി. ദുബൈ വിമാനത്താവളം വഴി പോകുന്നവർ 48 മണിക്കൂർ മുമ്പും അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങൾ വഴി പോകുന്നവർ യാത്രയുടെ ആറ് മണിക്കൂർ മുമ്പും എയർപോർട്ടിലെത്തണം. വിമാനത്താവളത്തിൽ പൊതുമാപ്പിൽ പോകുന്നവരുടെ കാര്യങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലുണ്ടാകും. പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കുന്നവർ അവരുടെ കുടുംബാംഗളുമായി ഒന്നിച്ച് രാജ്യം വിടാൻ ശ്രദ്ധിക്കണമെന്നും അധികൃർ അറിയിച്ചു.