LiveTV

Live

UAE

കെ.എം.സി.സിയുടെ ആദ്യ ചാർട്ടർ വിമാനം മുടങ്ങി; രാഷ്ട്രീയ ഇടപെടൽ വിമാനം മുടക്കിയെന്ന ചർച്ചയും സജീവം

280 കിലോമീറ്റർ അകലെയുള്ള അബൂദബിയിൽ നിന്നും അൽഐനിൽ നിന്നും റാസൽഖൈമ വിമാനത്താവളത്തിലേക്ക് ആളുകൾ എത്തിയിരുന്നു.

കെ.എം.സി.സിയുടെ ആദ്യ ചാർട്ടർ വിമാനം മുടങ്ങി; രാഷ്ട്രീയ ഇടപെടൽ വിമാനം മുടക്കിയെന്ന ചർച്ചയും സജീവം

ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ യു.എ.ഇയിൽ നിന്ന് കെ.എം.സി.സി ഏർപ്പാടാക്കിയ ആദ്യ ചാർട്ടർ വിമാനം മുടങ്ങി. സ്പൈസ് ജെറ്റ് വിമാനത്തിന് റാസൽഖൈമയിൽ ഇറങ്ങാൻ അവസാന നിമിഷം അനുമതി ലഭിച്ചില്ല. ഗർഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റേണ്ടി വന്നു. വിമാനം ഇന്ന് ഉച്ചക്ക് പുറപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്. അതിനിടെ രാഷ്ട്രീയ ഇടപെടലാണ് ചാർട്ടർ വിമാനം മുടക്കിയതെന്ന ചർച്ചകളും സജീവമാവുകയാണ്.

യു.എ.ഇ സമയം വൈകുന്നേരം ആറിന് പുറപ്പെടുമെന്ന് അറിയിച്ച ചാർട്ടർ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാൻ വിവിധ എമിറേറ്റുകളിൽ നിന്ന് ഉച്ചക്ക് മുമ്പേ റാസൽഖൈമയിൽ എത്തിയവർക്കാണ് ഇന്നലെ രാത്രി നിരാശരായി മടങ്ങേണ്ടി വന്നത്. 280 കിലോമീറ്റർ അകലെയുള്ള അബൂദബിയിൽ നിന്നും അൽഐനിൽ നിന്നും റാസൽഖൈമ വിമാനത്താവളത്തിലേക്ക് നിരവധിപേര്‍ എത്തിയിരുന്നു. വിമാനത്തിന് യു.എ.ഇ വ്യോമയാന വകുപ്പിന്റെ അനുമതി ലഭ്യമാവാത്തതാണ് പ്രശ്നമെന്ന് കെ.എം.സി.സി നേതാക്കൾ മീഡിയവണിനോട് പറഞ്ഞു.

അതിനിടെ, വന്ദേഭാരത് മിഷൻ വിമാനങ്ങളേക്കാൾ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു എന്ന യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കുമാറിന്റെ പ്രസ്താവനയും പുറത്തുവന്നു. ഇതോടെ ചാർട്ടർ വിമാനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തുരങ്കംവെക്കുന്നു എന്ന ചർച്ചയും സജീവമായി. അനുമതി ലഭിച്ചാൽ കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങളും ഇന്ന് പുറപ്പെടുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്.