ദുബൈയിലെ കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായി മലപ്പുറം കെ.എം.സി.സി
കോവിഡ് ലക്ഷണമുള്ളവരെ കെയർ സെൻററുകളിലേക്ക് മാറ്റാനും ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാനും വിവിധ വിങ്ങുകൾക്കാണ് മലപ്പുറം ജില്ല കെ.എം.സി.സി രൂപം നൽകിയിരിക്കുന്നത്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബൈയിലും പരിസരപ്രദേശങ്ങളിലും മലപ്പുറം ജില്ല കെ.എം.സി.സി നടത്തുന്ന പ്രവർത്തനം ശ്രദ്ധേയം. കോവിഡ് ലക്ഷണമുള്ളവരെ കെയർ സെൻററുകളിലേക്ക് മാറ്റാനും ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാനും വിവിധ വിങ്ങുകൾക്കാണ് മലപ്പുറം ജില്ല കെ.എം.സി.സി രൂപം നൽകിയിരിക്കുന്നത്. സാധാരണ പ്രവാസികൾക്ക് ബോധവത്കരണം നൽകാൻ "കണക്ട് " എന്ന പേരിൽ കൗൺസിലിംഗ് വിദഗ്ദരടങ്ങുന്ന സംഘം പ്രവർത്തന നിരതമാണ്. ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് ക്വാറൻറയിൻ കേന്ദ്രങ്ങളിൽ നിരവധി സേവകരാണ് ജോലി ചെയ്യുന്നത്. തൊഴിൽരഹിതരും മറ്റുമായ 8000 ത്തോളം പേർക്കാണ് നിത്യവും ഭക്ഷണ കിറ്റുകളും ഇഫ്താർ വിഭവങ്ങളും നൽകി വരുന്നത്.
പെരുന്നാൾ ദിനം മുൻനിർത്തി 1200 പേർക്ക് ഈദ് കിറ്റുകളും 1500 പേർക്ക് ഭക്ഷണ പൊതികളും വിതരണം ചെയ്യും. നൂറുകണക്കിന് പ്രവർത്തകരാണ് ദുബൈ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം നടത്തിയത്. പലവിധ പ്രയാസങ്ങൾ കാരണം ജീവിതം വഴിമുട്ടിയവരെ കണ്ടെത്തി ആവശ്യമായ സഹായം ഉറപ്പു വരുത്താൻ കുറ്റമറ്റ സംവിധാനങ്ങളും പ്രവർത്തന പദ്ധതികളുമാണ് മലപ്പുറം ജില്ലാ കെ.എം.സി.സി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ , ഡോ: അൻവർ അമീൻ, പി.കെ അൻവർ നഹ, ചെമ്മുക്കൻ യാഹുമോൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. പി.വി നാസർ, സിദ്ധീഖ് കാലൊടി ,ഒ.ടി സലാം, ശിഹാബ് ഏറനാട്, സലാം പരി, ഫക്രുദ്ധീൻ മാറാക്കര ഉൾപ്പെടെയുളളവരാണ് ഫീൽഡിലെ പ്രവർത്തനങൾ ഏകോപിപ്പിക്കുന്നത്.