LiveTV

Live

UAE

പ്രവാസികളുടെ മടക്കയാത്ര: മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി

അനർഹർക്ക് ആദ്യ വിമാനങ്ങളിൽ സീറ്റൊപ്പിച്ചു നൽകാൻ രാഷ്ട്രീയ ഇടപെടൽ നടന്നതായാണ് പരാതി.

പ്രവാസികളുടെ മടക്കയാത്ര: മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപണം. നിരവധി അനർഹർക്ക് ആദ്യ വിമാനങ്ങളിൽ സീറ്റൊപ്പിച്ചു നൽകാൻ രാഷ്ട്രീയ ഇടപെടൽ നടന്നതായാണ് പരാതി. മുൻഗണനാ പട്ടിക പരസ്യപ്പെടുത്താൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാകണമെന്ന ആവശ്യവും ശക്തമായി.

എംബസിയും കോൺസുലേറ്റും മുഖേന രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് നാട്ടിലേക്കുള്ള യാത്രക്ക് അർഹരായവരെ കണ്ടെത്തുന്നത്. ഏറ്റവും അടിയന്തര സ്വഭാവത്തിൽ നാട്ടിലെത്തേണ്ടവർക്കാണ് മുൻഗണന നൽകുകയെന്ന് എംബസി, കോൺസുലേറ്റ് അധികൃതർ പലകുറി വ്യക്തമാക്കിയതുമാണ്. യു.എ.ഇയിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിൽ മാനദണ്ഡം പൂർണമായി പാലിക്കപ്പെട്ടില്ല എന്നാണ് പൊതുവെയുള്ള പരാതി. മുൻഗണനാ പട്ടിക പരസ്യപ്പെടുത്തിയില്ലെങ്കിൽ സ്വാധീനങ്ങൾ ഇനിയും ഉണ്ടാകുമെന്ന് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

അടിയന്തര ചികിത്സ വേണ്ടവരും ഗർഭിണികളുമായ ആയിരങ്ങൾ അവസരം ലഭിക്കാതെ കാത്തിരിക്കെ, പൂർണ ആരോഗ്യവാൻമാരായ ചെറുപ്പക്കാരും ജോലിയും വിസയും ഉള്ളവരുമെല്ലാം വിമാനത്തിൽ കയറിപ്പറ്റി. തൊഴിൽ നഷ്ടപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിച്ച് അവസരം തേടിയവരും ഉണ്ട്. മുൻഗണനാ പട്ടികയുടെ സുതാര്യത ഉറപ്പാക്കാൻ ശക്തമായ സമ്മർദം തന്നെ വേണ്ടിവരുമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ നിലപാട്.