LiveTV

Live

UAE

യു എ ഇ മൂന്ന് താൽകാലിക ആശുപത്രികൾ കൂടി തുറക്കുന്നു

ദുബൈയിൽ ഒന്നും അബൂദബിയിൽ രണ്ടും ആശുപത്രികൾ, കോവിഡ് രോഗികളെ ചികിൽസിക്കാനാണിത് 

യു എ ഇ മൂന്ന് താൽകാലിക ആശുപത്രികൾ കൂടി തുറക്കുന്നു

കോവിഡ് ബാധിതരെ ചികിൽസിക്കാൻ യു എ ഇ മൂന്ന് താൽകാലിക ആശുപത്രികൾ കൂടി തുറക്കുന്നു. അബൂദബിയിലും ദുബൈയിലും നിർമിക്കുന്ന ആശുപത്രികളിൽ 3,400 രോഗികളെ ഒരേ സമയം കിടത്തി ചികിൽസിക്കാൻ സൗകര്യമുണ്ടാകും.

അബൂദബിയിൽ പുതിയ രണ്ട് ഫീൽഡ് ആശുപത്രികളും, ദുബൈയിൽ മറ്റൊരു ആശുപത്രിയുമാണ് അബൂദബി ഹെൽത്ത് സർവീസസ് കമ്പനി അഥവാ സെഹയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്നത്. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയൻ സിറ്റിയിലെ നിർമിക്കുന്ന ആശുപത്രിയിൽ 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാം. 200 ആരോഗ്യപ്രവർത്തകർക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. മേയ് ആദ്യവാരം ഈ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കും. പ്രശസ്തമായ അബൂദബി എക്സിബിഷൻ സെന്ററും താൽകാലിക ആശുപത്രിയാക്കി മാറ്റുകയാണ്. ഇവിടെ 1,000 രോഗികളെ ചികിൽസിക്കാം. 100 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും. ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സിലാണ് മൂന്നാമത്തെ ആശുപത്രി. ഇവിടെ 1200 രോഗികൾക്കും. 200 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും. ദുബൈയിലെ ആശുപത്രി ഈമാസം തന്നെ പ്രവർത്തന സജ്ജമാകും. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ ആശുപത്രികളുടെ നിർമാണ് പുരോഗതി വിലയിരുത്തി. ദുബൈയിലെ വേൾഡ് ട്രേഡ് സെന്റർ നേരത്തേ താൽകാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു.