LiveTV

Live

UAE

റമദാനിൽ ഒരുകോടി ഭക്ഷണപൊതികൾ; ‘ടെൻ മില്യൻ മീൽസ്’ പദ്ധതിയുമായി യു.എ.ഇ

വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികൾ എത്തിക്കും

റമദാനിൽ ഒരുകോടി ഭക്ഷണപൊതികൾ; ‘ടെൻ മില്യൻ മീൽസ്’ പദ്ധതിയുമായി യു.എ.ഇ

റമദാനിൽ ഒരുകോടി പേർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി യു.എ.ഇ. 'ടെൻ മില്യൻ മീൽസ്’ എന്ന പേരിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ്     പദ്ധതി പ്രഖ്യാപിച്ചത്. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികൾ എത്തിക്കുന്ന പദ്ധതിക്ക് മേൽനോട്ടം വഹിക്കുക ശൈഖ ഹിന്ദ് ബിൻത് മക്തൂമായിരിക്കും. ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് കടന്നുവരുന്ന റമദാനിൽ ഭക്ഷണമെത്തിക്കുക എന്നതാണ് ഏറ്റവും വലിയ മാനവിക ദൗത്യമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പറഞ്ഞു.

രാജ്യത്ത് ആരും പട്ടിണിയാവില്ല, ആരും പരിചരിക്കാനില്ലാതെ ഒരുരോഗിയും, നിരാലംബനും, പട്ടിണിക്കാരനും രാജ്യത്തുണ്ടാവരുത്. നാടിന്റെ ആധികാരികതയും ആവേശവുമായിരിക്കണം ഈ ഉത്തരവാദിത്തമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. എസ്.എം.എസ് അയച്ച് ഭക്ഷണം സ്പോൺസർ ചെയ്യാനുള്ള പദ്ധതിക്കും യു.എ.ഇയിലെ ടെലികോം കമ്പനികൾ തുടക്കമിട്ടു. രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക ഉദ്യമമാക്കി ടെണ്‍ മില്യൻ മീൽസിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് രാജ്യം.