LiveTV

Live

UAE

അബൂദബി മുസഫയില്‍ ഭക്ഷണവിതരണവുമായി ഇരുവർസംഘം: പിന്തുണയുമായി നിരവധി പേർ  

അബൂദബി മുസഫയില്‍ ഭക്ഷണവിതരണവുമായി ഇരുവർസംഘം: പിന്തുണയുമായി നിരവധി പേർ  

അബൂദബി മുസഫയിലും മറ്റും ആവശ്യക്കാരെ കണ്ടെത്തി ഭക്ഷണ പൊതികൾ കൈമാറുകയാണ് റസ്റ്റോറന്റ് ഉടമസ്ഥരായ എടപ്പാൾ സ്വദേശി ഇബ്രാഹിം കാഞ്ഞിരമുക്കും കൊയിലാണ്ടിക്കാരൻ സാദത്തും. നിത്യവും നൂറുകണക്കിന് ഭക്ഷണ പൊതികളാണ് ഇവർ ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്യുന്നത്. തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.

ഏതാനും ഭക്ഷണ പൊതികൾ ആവശ്യപ്പെട്ടു വന്ന ഒരു ഫോൺ കാേളിൽ നിന്നാണ് തുടക്കം. കോവിഡ് പ്രതിസന്ധി കാലത്ത് സഹജീവികൾക്ക് സഹായമൊരുക്കാൻ ഇറങ്ങി തിരിച്ച ഇരുവർക്കും പൂർണ പിന്തുണ നൽകി മറ്റുള്ളവരും ചേർന്നു. അതോടെ നിത്യവും 600ൽപരം ഭക്ഷണ പൊതികൾ ആവശ്യക്കാർക്ക് എത്തിക്കാൻ ഈ കൂട്ടായ്മക്ക് സാധിക്കുന്നു. ആവശ്യക്കാരെ അബൂദബിയിലെ പരമാവധി ഇടങ്ങളിൽ ചെന്നെത്തുകയാണ് ഇവര്‍. ഫുഡ് ചലഞ്ച് എന്നു പേരിട്ട ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മക്ക് ഇവർ രൂപം നൽകി. ഇതേതുടർന്ന് റസ്റ്റാറൻറ്, കാറ്ററിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ പലരും പദ്ധതിയുടെ ഭാഗമായി. പലരിൽ നിന്നായി ശേഖരിക്കുന്ന പൊതികൾ എണ്ണിത്തിട്ടപെടുത്തി അബൂദബിയിലും മുസഫയിലും ബനിയാസിലും എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് ഇബ്രാഹിം കാഞ്ഞിരമുക്കും സാദത്തും തന്നെയാണ്. പ്രതിസന്ധികാലത്തെ ഈ നല്ല നീക്കത്തിന് പിന്തുണയുമായി ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ഇബ്രാഹിം ബഷീർ, കരീം ഹാജി എന്നിവരും മുന്നിലുണ്ട്.