LiveTV

Live

UAE

മുതിർന്ന പൗരന്മാർക്കും മറ്റും വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്ന ‘ദവാഈ’ പദ്ധതി യു.എ.ഇയില്‍ ഉടനീളം നടപ്പിലാക്കും

മുതിർന്ന പൗരന്മാർക്കും മറ്റും വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്ന  ‘ദവാഈ’ പദ്ധതി യു.എ.ഇയില്‍ ഉടനീളം നടപ്പിലാക്കും

മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യ വിഭാഗക്കാർക്കും വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്ന ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പദ്ധതി 'ദവാഈ' രാജ്യത്തുടനീളം വ്യാപിപ്പിക്കും. ദുബൈ കേന്ദ്രീകരിച്ച് നടന്നിരുന്ന മെഡിസിൻ ഹോം ഡെലിവറി പദ്ധതിയാണ് കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിലുടനീളം നടപ്പാക്കുക.

ലോക്ക്ഡൗൺ ഉൾപെടെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ സുരക്ഷിതവും ആരോഗ്യകരവുമായി കഴിയുന്നത് ഉറപ്പുവരുത്തുന്നതിനായാണ് സേവനം വിപുലീകരിക്കുന്നത്. മെഡിസിൻ ഹോം ഡെലിവറി സേവനം നൽകുന്ന ആദ്യത്തെ അതോറിറ്റിയായായ ഡി.എച്ച്.എ കഴിഞ്ഞ ഡിസംബറിലാണ് ഈ സേവനം ആരംഭിച്ചത്. തെരെഞ്ഞെടുക്കപ്പെട്ട ഫാർമസിസ്റ്റ് തന്നെ വീടുകളിൽ പോയി മരുന്നുകളും കൗൺസിലിംഗും നല്‍കിവരുന്ന പദ്ധതിയാണിത്. കോവിഡ് വൈറസിനെതിരെ ഡി‌.എ‌ച്ച്‌.എ നടത്തുന്ന പ്രതിരോധ നടപടികൾക്ക് പിന്തുണ നൽകുന്നതിനായി ദുബൈയിൽ നിന്ന് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും വിതരണം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ. 'ദവാഈ' ഹോം ഡെലിവറി കമ്പനിയായ തലാബാത്തുമായി സഹകരിച്ച് ഡി.എച്ച്.എ നൽകുന്ന ലിസ്റ്റുകളെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായി സേവനങ്ങൾ നൽകുമെന്ന് ഡി‌.എ‌ച്ച്‌.എയിലെ ഫാർമസ്യൂട്ടിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെൻറ് വ്യക്തമാക്കി.

വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മുതിർന്നവർക്കും പ്രധാനപ്പെട്ട മരുന്നുകൾ എത്തിക്കുകയെന്നത് ഞങ്ങളുടെ കൂടി സാമൂഹിക ഉത്തരവാദിത്തമാണ്. യു.എ.ഇയിലെ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താൻ അതോറിറ്റിയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.