LiveTV

Live

UAE

യു.എ.ഇയില്‍ നിന്നും വിദേശികളെ നാട്ടിലെത്തിക്കാന്‍ ‌ഇത്തിഹാദും

പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും മറ്റുള്ള സർവീസുകൾക്ക് ഏർപെടുത്തിയ വിലക്ക് തുടരുമെന്നും യു.എ.ഇ സർക്കാർ അറിയിച്ചു

യു.എ.ഇയില്‍ നിന്നും വിദേശികളെ നാട്ടിലെത്തിക്കാന്‍ ‌ഇത്തിഹാദും

എമിറേറ്റ്സിന് പിന്നാലെ യു.എ.ഇയിലെ വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാൻ ഇത്തിഹാദും പറന്നുയുരം. ഞായറാഴ്ച മുതൽ ഒമ്പത് വരെയാണ് ഇത്തിഹാദ് സർവീസ് ആരംഭിക്കുക. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് ഈ മാസം 14 വരെ അനുമതി നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.

എമിറേറ്റ്സിനു തൊട്ടു പിന്നാലെയാണ് ഇത്തിഹാദ് എയർവേസ് ചില കേന്ദ്രങ്ങളിലേക്ക് സമാന മാതൃകയിൽ സർവീസ് നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോൾ, സിംഗപ്പൂർ, മനില, ബാേങ്കാക്ക്, ജക്കാർത്ത എന്നിവിടങ്ങളിലേക്കാണ് അബൂദബിയിൽ നിന്ന് സർവീസ് നടത്തുക. ഈ നഗരങ്ങളിലെ രാജ്യങ്ങൾ അനുമതി നൽകിയതോടെയാണ് സർവീസ് നടത്താൻ തീരുമാനിച്ചത്.

ഇന്ത്യയിൽ ലോക് ഡൗൺ അവസാനിക്കുന്ന 14 വരെ വിമാന സർവീസ് അനുവദിക്കില്ലെന്ന് കേന്ദ്ര േവ്യാമയാന മന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചിരുന്നു. ഇതോടെ, ഈ ആഴ്ച നാട്ടിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി.

തിങ്കളാഴ്ച മുതൽ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുമെന്ന് എമിറേറ്റ്സ് അറിയിച്ചിരുന്നു. അനുവാദം ലഭിച്ചാൽ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനായിരുന്നു എമിറേറ്റ്സിെൻറ പദ്ധതി. എന്നാൽ, ഇന്ത്യ ഇതുവരെ അനുവാദം നൽകിയിട്ടില്ല. ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരീസ്, സൂറിച്ച്, ബ്രസൽസ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

അതേസമയം, പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും മറ്റുള്ള സർവീസുകൾക്ക് ഏർപെടുത്തിയ വിലക്ക് തുടരുമെന്നും യു.എ.ഇ സർക്കാർ അറിയിച്ചു. പരിമിതമായ എണ്ണം യാത്രക്കാരെ മാത്രമേ ഓരോ വിമാനങ്ങളിലും അനുവദിക്കൂ. തിരിച്ചുള്ള സർവീസുകളിൽ യാത്രക്കാരെ അനുവദിക്കില്ലെന്നും കാർഗോ കയറ്റാമെന്നും അവർ അറിയിച്ചു.