LiveTV

Live

UAE

കോവിഡ്: സാമ്പത്തിക ആഘാതം മറികടക്കാൻ യു.എ.ഇയിലെ ബാങ്കുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇങ്ങനെ..

 കോവിഡ്: സാമ്പത്തിക ആഘാതം മറികടക്കാൻ യു.എ.ഇയിലെ ബാങ്കുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇങ്ങനെ..

എമിറേറ്റ്സ് എൻ.ബി.ഡി, മശ്റഖ് ബാങ്ക്, കോമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് എന്നീ ബാങ്കുകളാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻറാശിദ് ആൽമക്തുമിന്റെ നിർദേശ പ്രകാരം ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇവയിൽ എമിറേറ്റ്സ് എൻ.ബി.ഡി, മശ്റഖ് ബാങ്ക്, സി.ബി.ഡി എന്നിവ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സമാനമാണ്. എന്തൊക്കെ എന്ന് പരിശോധിക്കാം.

ഈ ബാങ്കുകളിൽ നിന്ന് പേഴ്സനൽ ലോണോ ഓട്ടോ ലോണോ ഭവന വായ്പയോ എടുത്തവർക്ക് തിരിച്ചടവിന് ഒരു മാസത്തെ സാവകാശത്തിന് സൗജന്യമായി അപേക്ഷിക്കാം. കോവിഡ് 19മായി ബന്ധപ്പെട്ട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കേണ്ടി വന്നവർക്ക് ലോൺ തിരിച്ചടിവിന് മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിക്കാം. ഇതിന് പലിശയോ ലാഭവിഹിതമോ ഫീസോ ഈടാക്കില്ല. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ബുക്ക് ചെയ്ത യാത്രാടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടി വന്നവർക്ക് വിദേശ നാണയത്തിൽ ഇടപാട് നടത്താൻ ബാങ്ക് ഈടാക്കിയ ട്രാൻസാക്ഷൻ ഫീസ് തിരിച്ചു നൽകും. ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിച്ചവർക്ക് കാഷ് അഡ്വാൻസ് ഫീസിൽ 50% ഇളവ് നൽകും.

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ കുട്ടികളുടെ സ്കൂൾ ഫീസ്, ഗ്രോസറി എന്നിവക്കായി ചെലവാക്കിയ തുക പലിശ രഹിത തവണകളായി തിരിച്ചടക്കാൻ ആറ് മാസത്തെ സമയം നൽകും. അബൂദബി കോമേഴ്സ്യൽ ബാങ്ക് എഡിസിബിയും ഇതേ ആനൂകൂല്യങ്ങൾ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് അഥവാ എസ്.എം.ഇകൾക്കും ബാങ്കുകൾ ബിസിനസ് ലോണിനും എക്യൂപ്മെന്റ് ലോണിനും പലിശ ലാഭവിഹിത ഇളവ് നൽകും.