LiveTV

Live

UAE

കോവിഡ് 19 കാരണമായ സാമ്പത്തിക പ്രതിസന്ധി: ജനകീയ പാക്കേജുമായി അബൂദബി ഭരണകൂടം

കോവിഡ് 19 കാരണമായ സാമ്പത്തിക പ്രതിസന്ധി:  ജനകീയ പാക്കേജുമായി അബൂദബി ഭരണകൂടം

കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജനകീയ പാക്കേജുമായി അബൂദബി ഭരണകൂടം. സ്വദേശികൾക്കും പ്രവാസികൾക്കും ഗുണകരമാകുന്നതാണ് പാക്കേജ്. കോവിഡ് വൈറസ് ബാധയെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ആശ്വാസമായി മാറാൻ ഇതിനു കഴിയും എന്നാണ് വിലയിരുത്തൽ.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെന്റെ നിർദ്ദേശാനുസരണം പ്രഖ്യാപിച്ചതാണ് ഉത്തേജക പാക്കേജ്. ഇതിൽ ജനോപകാരപ്രദമായ നിരവധി നിർദേശങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. ഈ വർഷം പൂർണമായും ടോൾ ഉപേക്ഷിക്കാനുള്ള തീരുമാനവും വൈദ്യുതി കണക്ഷന് സബ്സിഡി നൽകിയതും പ്രധാനമാണ്. സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന കമ്പനികൾക്ക് മുൻഗണന നൽകുന്നതിനുമുള്ള നിർദേശങ്ങളും പാക്കേജിലുണ്ട്. 'ഗദാൻ 21' പരിപാടിക്കു കീഴിൽ അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് പുതിയ പാക്കേജിന് രൂപം നൽകിയത്. കഴിഞ്ഞ ദിവസം ദുബൈ ഭരണകൂടം മൂന്ന് മാസത്തേക്ക് വൈദ്യുതി നിരക്ക് കുറക്കൽ ഉൾപെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹമിന്റെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസം പകരുന്ന പദ്ധതി അബൂദബി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനം വരെ പാക്കേജ് പ്രാബല്യത്തിലുണ്ടാവും.