LiveTV

Live

UAE

കുവൈത്തിൽ സമ്പൂർണ യാത്രാ വിലക്ക് പ്രാബല്യത്തിൽ വന്നിരിക്കെ മറ്റു ഗൾഫ് രാജ്യങ്ങളും നിയന്ത്രണം കർശനമാക്കുന്നു

കുവൈത്തിൽ സമ്പൂർണ യാത്രാ വിലക്ക് പ്രാബല്യത്തിൽ വന്നിരിക്കെ, മറ്റു ഗൾഫ് രാജ്യങ്ങളും നിയന്ത്രണം കർശനമാക്കുന്നു. നാളെ മുതൽ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും രണ്ടാഴ്ചക്കാലം സൗദി നിർത്തി വെക്കും.

കുവൈത്തിൽ സമ്പൂർണ യാത്രാ വിലക്ക് പ്രാബല്യത്തിൽ വന്നിരിക്കെ മറ്റു ഗൾഫ് രാജ്യങ്ങളും നിയന്ത്രണം കർശനമാക്കുന്നു

കുവൈത്തിൽ സമ്പൂർണ യാത്രാ വിലക്ക് പ്രാബല്യത്തിൽ വന്നിരിക്കെ, മറ്റു ഗൾഫ് രാജ്യങ്ങളും നിയന്ത്രണം കർശനമാക്കുന്നു. ഇന്ന് മുതൽ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും രണ്ടാഴ്ചക്കാലം സൗദി നിർത്തി വെക്കും. ഗൾഫിൽ ഇന്ന് 22 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽ മാർച്ച് 17 മുതൽ മുഴുവൻ വിസാ സേവനവും നിർത്തിവെക്കും. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.

സമ്പൂർണ യാത്രാവിലക്ക് നടപ്പിലായതോടെ കുവൈത്ത് തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം കാർഗോ സർവീസുകൾക്ക് മാത്രമായി ചുരുങ്ങി. പൊതുകേന്ദ്രങ്ങളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതിനാൽ വീടുകളിൽ തന്നെ തങ്ങുകയാണ് ജനങ്ങളിൽ അധികവും.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്കാണ് ഇന്ന് മുതല്‍ മുതൽ രണ്ടാഴ്ചക്കാലം സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നിർത്തി വെക്കുന്നത്. യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തിവെക്കുന്നു. ചൊവ്വാഴ്ച മുതൽ നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്കു മാത്രമായി വിസാ സേവനം ചുരുങ്ങും. ലോകാരോഗ്യ സംഘടനയുടെ നിർദേശം പാലിച്ചാണ് നടപടി. യു.എ.ഇയിൽ നിന്ന് ലബനാൻ, തുർക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി.

മാർച്ച് 13 മുതൽ സൗദിയിലെത്തിയ എല്ലാവിദേശികളും 14 ദിവസം വീടിന് വെളിയിലിറങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം. ഈ സമയം മെഡിക്കൽ അവധിയായി പരിഗണിക്കും. ഒമാനിൽ ഒരു മാസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യാത്രാവിലക്ക് സംബന്ധിച്ച പുതിയ നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം അബൂദബിയിലെ ഫെറാരി വേള്‍ഡ് ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് അടച്ചു. ദുബൈയിൽ നിശാക്ലബുകളും നിർത്തി.

പല ഗൾഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഖത്തറിൽ 17ഉം കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു പേർക്കും ഒമാനിൽ ഒരാൾക്കും ഇന്നലെ രോഗം ഉറപ്പിച്ചു. ഖത്തറിൽ 337 ഉം കുവൈത്തിൽ 104ഉം ആയി. സൗദി അറേബ്യയിൽ 41 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ എണ്ണം 86 ആയി. ബഹ്റൈനിൽ 83 ആണ് രോഗികളുടെ എണ്ണം. ഒമാനിൽ ഇരുപതും. യു.എ.ഇയിൽ പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

കൊറോണ പടരുന്ന സാഹചര്യത്തിൽ ബഹ്റൈൻ 901 തടവുകാരെ മാപ്പ് നൽകി വിട്ടയക്കും. ആളുകൾ ഒത്തുചേരുന്ന കൂടുതൽ കേന്ദ്രങ്ങൾ അടച്ചിടാൻ എല്ലാ ഗൾഫ് രാജ്യങ്ങളും നിർബന്ധിതമാകുന്ന സാഹചര്യമുണ്ട്.