LiveTV

Live

UAE

യെമന്‍ പ്രശ്നത്തില്‍ ലോകം നിസ്സംഗത തുടരുന്നതായി യു.എ.ഇ

യെമനിൽ നിന്ന് തിരിച്ചെത്തിയ യു.എ.ഇ സെെനികർക്ക് കഴിഞ്ഞ ദിവസമാണ് അബൂദബിയിൽ രാജകീയ വരവേൽപ്പു ചടങ്ങ് ഒരുക്കിയത്

യെമന്‍ പ്രശ്നത്തില്‍ ലോകം നിസ്സംഗത തുടരുന്നതായി യു.എ.ഇ

യെമൻ പ്രശ്നപരിഹാരത്തിനുള്ള അടിയന്തര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കണമെന്ന് യു.എ.ഇ. യെമൻെറ കാര്യത്തിൽ അന്തർദേശീയ സമൂഹം നിസ്സംഗ നിലപാടാണ് തുടരുന്നതെന്ന് കുറ്റപ്പെടുത്തിയ യു.എ.ഇ, മേഖലയുടെ സുരക്ഷാ ഭീഷണി പ്രതിരോധിക്കാൻ കൂടുതൽ ശക്തമായ നടപടികൾ അനിവാര്യമാണെന്നും വ്യക്തമാക്കി.

വർഷങ്ങളായി തുടരുന്ന യെമൻ സംഘർഷം പരിഹരിക്കാനുതകുന്ന നടപടികൾ സ്വീകരിക്കാൻ അന്തർദേശീയ സമൂഹം വിസമ്മതിക്കുന്നതിൽ യു.എ.ഇ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. യെമൻ ജനതയുടെ താൽപര്യം മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നത് വൈകരുതെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു.

സൗദി അറേബ്യക്കു നേരെ മിസൈൽ ആക്രമണം തുടരുകയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യ. രാജ്യം അകപ്പെട്ട സംഘർഷ സാഹചര്യം മറികടക്കാൻ യു.എൻ നേതൃത്വത്തിൽ ഇടക്കാലത്ത് നടന്ന മധ്യസ്ഥ നീക്കം പോലും വിജയം കാണാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വ്യോമ, സമുദ്ര മാർഗങ്ങളിലൂടെ മേഖലയുടെ സുരക്ഷ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഹൂത്തികൾ തുടരുന്നതെന്ന് അറബ് സൈനിക സഖ്യം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോക്കു മുമ്പാകെ യെമനിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെ കുറിച്ച് സൗദി നേതൃത്വം വ്യക്തമാക്കിയതാണ്. ഇറാൻെറ പിന്തുണയോടെ ഹൂത്തികൾ നടത്തുന്ന വിധ്വംസക നടപടിക്കെതിെര അന്തർദേശീയ സമൂഹം ഐക്യപ്പെടണമെന്ന ആവശ്യമാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആവശ്യപ്പെടുന്നതും. യെമനിൽ നിന്ന് തിരിച്ചെത്തിയ യു.എ.ഇ സെെനികർക്ക് കഴിഞ്ഞ ദിവസമാണ് അബൂദബിയിൽ രാജകീയ വരവേൽപ്പു ചടങ്ങ് ഒരുക്കിയത്.