LiveTV

Live

UAE

നികുതി തിരിച്ചു നല്‍കുന്നതിനുള്ള സംവിധാനം കൂടുതൽ വിപുലമാക്കി

നികുതി തിരിച്ചു നല്‍കുന്നതിനുള്ള സംവിധാനം കൂടുതൽ വിപുലമാക്കി

മൂല്യവര്‍ധിത നികുതി തിരിച്ചു നല്‍കുന്നതിനുള്ള സംവിധാനം കൂടുതൽ വിപുലമാക്കി. ഇതുപ്രകാരം പ്രധാന ഷോപ്പിങ് മാളുകളിലും മറ്റും ഏർപ്പെടുത്തിയ കിയോസ്കുകളിലൂടെ തുക എളുപ്പം ലഭ്യമാകും. വിനോദ സഞ്ചാരികളുടെ സൗകര്യം പരിഗണിച്ചാണ് നടപടി.

വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ആഗമന കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിൽ വാറ്റ് റീഫണ്ടിനുള്ള സൗകര്യം. ഇതിനു പുറമെ ഹോട്ടലുകൾ, മാളുകൾ എന്നിവിടങ്ങളിൽ കൂടി സൗകര്യം ഒരുക്കാൻ തീരുമാനിച്ചതായി ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. വാറ്റ് റീഫണ്ടിനുള്ള ഇലക്ട്രോണിക് സംവിധാനം വിപുലമാക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് അധികസേവനം ലഭിക്കും.

കിയോസ്കുകളിൽ ആവശ്യമായ വിവരം ലഭ്യമാക്കുന്നതോടെ മിനിറ്റുകൾക്കകം വിനോദ സഞ്ചാരികൾക്ക് റീഫണ്ട് ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. കുറഞ്ഞ മണിക്കൂറുകളിലേക്ക് യു.എ.ഇയിൽ വന്നുപോകുന്ന വിനോദ സഞ്ചാരികൾക്ക് ഈ സൗകര്യം കൂടുതൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു.

അതേ സമയം സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥയുടെ പുറത്താകും വാറ്റ് റീഫണ്ട് ലഭിക്കുകയെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയതാണ്.

വാറ്റ് തിരികെ ലഭിക്കേണ്ട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യു.എ.ഇയിലോ, വാറ്റ് നടപ്പാക്കിയ മറ്റ് ജി.സി.സി രാജ്യങ്ങളിലോ സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഇതിൽ ആദ്യ വ്യവസ്ഥ. യു.എ.ഇയില്‍ നികുതി നല്‍കാന്‍ ബാധ്യതയുള്ള വിദേശ സ്ഥാപനങ്ങള്‍ ആയിരിക്കരുത്. ബിസിനസ് ആരംഭിച്ച രാജ്യത്തെ അതോറിറ്റിയില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. റീഫണ്ട് ക്ലെയിമിന് കലണ്ടര്‍ വര്‍ഷമാണ് ബാധകമാവുക.