LiveTV

Live

UAE

ഇന്ത്യക്കാരന്റെ മൃതദേഹം മോര്‍ച്ചറിയില്‍; സഹായവുമായി പാക് സ്വദേശി  

കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നു എന്ന് അറിഞ്ഞ സാഹിദ് അഹമ്മദ് നൂര്‍ ആ ദൗത്യം സ്വയം ഏറ്റെ‌ടുക്കുകയായിരുന്നു

ഇന്ത്യക്കാരന്റെ മൃതദേഹം മോര്‍ച്ചറിയില്‍; സഹായവുമായി പാക് സ്വദേശി  

ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ പാകിസ്താന്‍ സ്വദേശി അല്‍ഐനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ് കീഴടക്കുകയാണ്. കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നു എന്ന് അറിഞ്ഞ സാഹിദ് അഹമ്മദ് നൂര്‍ ആ ദൗത്യം സ്വയം ഏറ്റെ‌ടുക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് യു.പി സ്വദേശി ചന്ദ്രികാ കേദാര്‍ അല്‍ഐനില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ പരിചയമുള്ളവര്‍ ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ഇല്ലാത്തതിനാല്‍ മൃതദേഹം ദിവസങ്ങളോളം അബൂദബിയിലെ മോര്‍ച്ചറിയില്‍ കിടന്നു. ഇത് കേട്ടറിഞ്ഞാണ് പാകിസ്താന്‍ സ്വദേശിയായ ഈ മനുഷ്യന്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്.

അതുവരെ കിട്ടിയ രേഖകളുമായി ഇന്ത്യന്‍ എംബസിയില്‍ കയറിയിറങ്ങിയതും സാമൂഹിക പ്രവര്‍ത്തകരെ വിവരമറിയിച്ചതുമെല്ലാം സാഹിദ് അഹമ്മദ് നൂറായിരുന്നു. മരിച്ച ഇന്ത്യക്കാരന്‍ ഈ പാകിസ്താനിയുടെ ആരാണ് എന്ന ചോദ്യത്തിന് മരിച്ചത് മനുഷ്യനാണ് എന്നാണ് നൂറിന്റെ മറുപടി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മലയാളികള്‍ നടത്തുന്ന ടൈപ്പിങ് സെന്ററിലും ഹംപാസ് എന്ന സന്നദ്ധ സേവകര്‍ക്ക് അരികിലും എത്തി.

ഇന്ത്യക്കാരന് വേണ്ടി ഒരു പാക് പൗരന്‍ നടത്തുന്ന പ്രയത്നം പുറംലോകം അറിഞ്ഞത് അങ്ങനെയാണ്. മരിച്ച ചന്ദ്രിക കേദാറിന്റെ കുടുംബത്തെ ഫോണിലൂടെ നിരന്തരം ആശ്വസിപ്പിച്ചിരുന്നതും ഇദ്ദേഹം തന്നെ. പാക് സ്വദേശിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിന്റെ ഫലമായി ചന്ദ്രിക കേദാറിന്റെ മൃതദേഹം കഴഞ്ഞദിവസം എയര്‍ ഇന്ത്യയില്‍ ബനാറസിലേക്ക് കൊണ്ടുപോയി. തനിക്ക് ഒരു പരിചയവും ഇല്ലാത്ത ആ കുടുംബത്തിന്റെ ദുഃഖം തന്റേത് കൂടിയാണെന്ന് സാഹിദ് നൂര്‍ പറഞ്ഞുവെക്കുന്നു.