LiveTV

Live

UAE

കൊറോണ ബാധിതര്‍ക്ക് സൗജന്യ ചികിത്സയൊരുക്കി യു.എ.ഇ

അടിയന്തര സ്വഭാവം പരിഗണിച്ച് ഇൻഷുറൻസ് കാർഡ് പരിഗണിക്കാതെ തന്നെ ചികിൽസ ഉറപ്പാക്കാനാണ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ ബാധിതര്‍ക്ക് സൗജന്യ ചികിത്സയൊരുക്കി യു.എ.ഇ

കൊറോണ വൈറസ് ബാധയുള്ളവർക്ക് യു.എ.ഇയിൽ എല്ലാവിധ ചികിൽസയും സൗജന്യമായി നൽകണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. അടിയന്തര സ്വഭാവം പരിഗണിച്ച് ഇൻഷുറൻസ് കാർഡ് പരിഗണിക്കാതെ തന്നെ ചികിൽസ ഉറപ്പാക്കാനാണ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കൂടി നിരീക്ഷണം ശക്തമായി തുടരാനും യു.എ.ഇ തീരുമാനിച്ചു.

യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ദുബൈ ഹെൽത്ത് അതോറിറ്റിയാണ് എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇതു സംബന്ധിച്ച സർക്കുലർ അയച്ചത്. കൊറോണ രോഗലക്ഷണങ്ങളുമായി സമീപിക്കുന്ന ഏതൊരാൾക്കും അധികൃതർ നിർദേശിച്ചതു പ്രകാരം അടിയന്തര ചികിൽസയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സർക്കുലറിൽ പറയുന്നു. ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ നേരത്തെ തന്നെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്.

കൊറോണ ബാധിച്ച നാലംഗ ചൈനീസ് കുടുംബം നാളെ ആശുപത്രി വിടും. രോഗം ബാധിച്ച അഞ്ചാമത്തെ ആൾ സുഖം പ്രാപിച്ചു വരികയാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. എന്നാൽ യു.എ.ഇയിൽ എവിടെയും പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊറോണ രോഗലക്ഷണങ്ങൾ ഉള്ളവരെ ഒരു നിലക്കും ആശപത്രി വിടാൻ അനുവദിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് യു.എ.ഇയിലെത്തിയ എല്ലാവരെയും സ്ക്രീൻ ടെസ്റ്റിന് വിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി.