LiveTV

Live

UAE

യു.എ.ഇയില്‍ കൊറോണ ഭീതി അകലുന്നു; ആര്‍ക്കും പുതുതായി കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം

യു.എ.ഇയില്‍ കൊറോണ ഭീതി അകലുന്നു; ആര്‍ക്കും പുതുതായി കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം

യു.എ.ഇയിൽ സ്വദേശികൾക്കോ വിദേശികൾക്കോ പുതുതായി കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം. ചികിൽസയിലുള്ള അഞ്ച് പേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. കൊറോണക്കെതിരെ ചൈന നടത്തുന്ന നടപടികൾക്ക് എല്ലാവിധ പിന്തുണയും യു.എ.ഇ വാഗ്ദാനം ചെയ്തു.

യു.എ.ഇയിൽ കൊറോണക്കെതിരായ മുൻകരുതൽ നടപടികൾ ഊർജിതമായി തുടരുകയാണ്. ബീജിങ് ഒഴികെ ചൈന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ബുധനാഴ്ച മുതൽ നിർത്തി വെക്കാൻ തീരുമാനിച്ചതും മുൻകരുതൽ നടപടികളുടെ ഭാഗമാണ്. കൂടുതൽ കൊറോണ ബാധിതർ യു.എ.ഇയിലൂണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ദേശീയ രോഗ പ്രതിരോധ സമിതി തലവൻ ഡോ. ഹുസൈൻ അറൻദ് അറിയിച്ചു. ഇപ്പോൾ രോഗം ബാധിച്ച അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. നാലംഗ ചൈനീസ് കുടുംബം വ്യാഴാഴ്ച ആശുപത്രി വിടും. 14 ദിവസത്തെ ആരോഗ്യ നിരീക്ഷണം പൂർത്തിയാക്കിയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനം.

അതിനിടെ, കൊറോണ വൈറസ് പിടിമുറുക്കിയ ചൈനയ്ക്ക് പിന്തുണയുമായി യു.എ.ഇ രംഗത്തു വന്നു. ബുർജ് ഖലീഫ, അബുദാബിയിലെ എമിറേറ്റ്സ് പാലസ്, അഡ്നോക് ആസ്ഥാനം തുടങ്ങി ബഹുനില കെട്ടിടങ്ങളിൽ ചൈനീസ് പതാക തെളിച്ചായിരുന്നു യു.എ.ഇയുടെ ഐക്യദാർഢ്യം. വിവിധ രാജ്യങ്ങളുടെ സന്തോഷത്തിൽ മാത്രമല്ല, ദുഃഖത്തിലും പങ്കുചേരുകയായിരുന്നു ഇതിലൂടെ യു.എ.ഇ.