LiveTV

Live

UAE

യു.എ.ഇയിൽ വൻ പ്രകൃതി വാതകശേഖരം കണ്ടെത്തി

80 ട്രില്യൺ ക്യുബിക് അടി കരുതൽ ശേഖരമാണ് കണ്ടെത്തിയത്

യു.എ.ഇയിൽ വൻ പ്രകൃതി വാതകശേഖരം കണ്ടെത്തി

ദുബൈക്കും അബൂദബിക്കുമിടയിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി. 80 ട്രില്യൺ ക്യുബിക് അടി കരുതൽ ശേഖരമാണ് കണ്ടെത്തിയത്. ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പര്യവേക്ഷണ വിജയം കൂടിയാണിത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മേഖലയിൽ കൂടുതൽ പര്യവേക്ഷണ പരിപാടികളും ആവിഷ്കരിക്കും. ജബൽ അലി പ്രോജക്ട് ഗ്യാസ് റിസർവോയർ എന്ന പദ്ധതി കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ശൈഖ് മുഹമ്മദിനു പുറമെ അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും സംബന്ധിച്ചു.

യു.എ.ഇ സമ്പദ്‌വ്യവസ്ഥക്ക് കരുത്തേകാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനും ജബൽ അലി പ്രൊജക്റ്റ് ഉപകരിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 5,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വാതക പാടം. പൂർണ്ണ വേഗതയിലെത്തിയാൽ 80 ട്രില്യൺ ക്യുബിക് അടി വാതകം ഉത്പാദിപ്പിക്കാൻ കഴിയും.

പ്രകൃതിവാതക വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും വരും വർഷങ്ങളിൽ രാജ്യത്തെ പ്രധാന വികസന പദ്ധതികളെ പിന്തുണക്കാനും ഇത് സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ യു.എ.ഇയിൽ രണ്ടാമത്തെ പ്രധാന വാതക കണ്ടെത്തൽ കൂടിയാണിത്. ജനുവരിയിൽ മഹാനി -1 ഫീൽഡിൽ പ്രതിദിനം 50 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി വരെയുള്ള വാതക ശേഖരം ഷാർജ കണ്ടെത്തിയിരുന്നു. ജബൽ അലി പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി അഡ്‌നോക് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.