LiveTV

Live

UAE

യു.എ.ഇയില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

വുഹാനിൽ നിന്നും വന്ന കുടുംബത്തിലെ ഒരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

യു.എ.ഇയില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

യു.എ.ഇയിൽ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടിയാണ് രോഗം കണ്ടെത്തിയത്. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 132 ആയി. രോഗബാധിതരുടെ എണ്ണം ആറായിരമായി.

ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ നിന്ന് യു.എ.ഇയിലേക്ക് വന്ന നാലംഗ കുടുംബത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ചുളള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യു.എ.ഇ വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നെത്തുന്നവരെ കഴിഞ്ഞ ആഴ്ച മുതല്‍ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കുന്നുണ്ട്. അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ സ്വദേശികളാണ്. 1459 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട്ചെയ്തത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 5974 ആയി. തായാ‍ലാന്റില്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 47 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈന, അമേരിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രഞ്ജര്‍ കൊറോണ വ്യാപനം തടയാനുള്ള വാക്സിന്‍ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്.