LiveTV

Live

UAE

ഭിന്നശേഷിക്കാരായ ജൗസീറും ജംഷീറും ഇനി പ്രവാസ ലോകത്തിന്റെ ഭാഗം 

ആത്മ വിശ്വാസത്തിന്റെ അടയാളമായി മാറിയ ഭിന്നശേഷിക്കാരായ ഈ രണ്ട് ചെറുപ്പക്കാർ ജോലിയില്‍ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കൂടി തെളിയിക്കുകയാണ്.

ഭിന്നശേഷിക്കാരായ ജൗസീറും ജംഷീറും ഇനി പ്രവാസ ലോകത്തിന്റെ ഭാഗം 

ജൗസീറും ജംഷീറും ഇനി പ്രവാസലോകത്തിന്റെ ഭാഗം. ആത്മ വിശ്വാസത്തിന്റെ അടയാളമായി മാറിയ ഭിന്നശേഷിക്കാരായ ഈ രണ്ട് ചെറുപ്പക്കാർ ജോലിയില്‍ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കൂടി തെളിയിക്കുകയാണ്. പരിമിതികളുടെ പേരിൽ മാറി നിൽക്കുന്നവർക്കും മാറ്റിനിർത്തുന്നവർക്കും മികച്ച മാതൃകയായി മാറുകയാണ് ഇരുവരും.

പ്രവാസ ലോകത്ത് പറന്നിറങ്ങിയ ജൗസീറും ജംഷീറും ഇപ്പോൾ ജോലിയിൽ വ്യാപൃതരാണ്. കോഴിക്കോട് താമരശേരി പൂനൂരിലെ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽ പഠിക്കവെയാണ് ഇരുവരുടെയും തലവര മാറ്റി ദുബൈയിലേക്കുള്ള വിളിയെത്തുന്നത്. ഗൾഫിലെ ബാഗ് നിർമാണ കമ്പനിയായ പാരാജോൺ എം.ഡി അയ്യൂബ് അലിയുടെ സന്ദർശനമാണ് ഇരുവർക്കും ഗൾഫിലേക്കുള്ള വഴി തുറന്നത്.

കണ്ണീരോടെ നാട്ടിൽ നിന്ന് യാത്രയാക്കിയ ഇരുവർക്കും സ്നേഹാദരങ്ങളോടെ ദുബൈയിലെ സഹപ്രവർത്തകർ സ്വീകരണവുമൊരുക്കി. ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവയും ഇവർക്കൊപ്പം കൂട്ടിനു വന്നു.

വൈകല്യമുള്ളവർ എന്നു പറഞ്ഞ് മാറ്റി നിർത്തപ്പെടുന്നവർക്ക് പ്രചോദനമേകാൻ കൂടിയാണ് ഇവരെ നിയമിച്ചതെന്ന് അയൂബ് അലി പറഞ്ഞു. കൂടുതൽ പേർക്ക് ജോലി നൽകാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നാണ് ഷമീർ ബാവക്കും പറയാനുള്ളത്. ഏൽപിച്ച ജോലി ഇരുവരും കൃത്യമായി ചെയ്യുന്നുണ്ടെന്ന് സഹപ്രവർത്തകർ പറഞ്ഞു.

കോഴിക്കോട് കട്ടിപ്പാറ ചമൽ ചൂണ്ടപ്പൊയിൽ അബ്ദുൽ നാസർ-ജമീല ദമ്പതികളുടെ മകനായ ജൗസീർ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കായിക മേളയിലെ ഒന്നാം നമ്പർ ഓട്ടക്കാരനാണ്. എളേറ്റിൽ വേട്ടാളി മങ്ങാട് എരപ്പുങ്ങൽ ജമാൽ-സാജിത ദമ്പതികളുടെ മകനാണ് ജംഷീർ.