LiveTV

Live

UAE

യു.എ‌.ഇയില്‍ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ഇന്നും നാളെയും ദുബൈയിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി

യു.എ‌.ഇയില്‍ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

യു.എ‌.ഇയില്‍ കനത്ത മഴ. ദുബൈയില്‍ തുടരുന്ന ശക്തമായ മഴ വിമാനസര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രപുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു. യു.എ.ഇയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ ഇന്ന് രാത്രിയോടെ കൂടുതല്‍ ശക്തമായി.

ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ ദുബൈയിലും അല്‍ഐനിലുമാണ് മഴ കൂടുതല്‍ ശക്തമായത്. രാജ്യത്തെ മിക്ക എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മറ്റന്നാള്‍ വരെ മഴയും കാറ്റും തുടരുമെന്നാണ് ദേശീയകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബൈ നഗരത്തില്‍ ശക്തമായ മഴ ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഇന്നും നാളെയും ദുബൈയിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ പെയ്യിക്കാന്‍ നടത്തുന്ന ക്ലൗഡി സീഡിങിന്റെ ഫലമായാണ് മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. കനത്തമഴയില്‍ പല റോഡുകളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.