LiveTV

Live

UAE

യു.എ.ഇയില്‍ വി‌ശ്വാസാചാരങ്ങളെ അപമാനിച്ചാൽ 5 വർഷം തടവും 10 ലക്ഷം പിഴയും  

യു.എ.ഇയില്‍  വി‌ശ്വാസാചാരങ്ങളെ അപമാനിച്ചാൽ 5 വർഷം തടവും 10 ലക്ഷം പിഴയും  

മതനിന്ദയ്ക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ. മറ്റു വിശ്വാസങ്ങളെ അപമാനിക്കുന്നത് മതനിന്ദയായി കണക്കാക്കുമെന്നും അഞ്ചു വർഷം വരെ തടവും 10 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്നും യു.എ.ഇ അറിയിച്ചു. സഹിഷ്ണുതയുടെ കേന്ദ്രമായി യു.എ.ഇയെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മതത്തിന്റെയും വർഗത്തിന്റെയും വർണത്തിന്റെയും പേരിലെ വിവേചനങ്ങൾക്കും ഭിന്നതകൾക്കും രാജ്യം തീർത്തും എതിരാണെന്നും അതിനെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറിലെ സാമൂഹിക ഉത്തരവാദിത്വ വിഭാഗം വിദഗ്ധ അമീന അൽ മസ്റൂഇ വ്യക്തമാക്കി. എല്ലാ മനുഷ്യർക്കും നീതിയും മികച്ച സേവനവും സൗകര്യവും ലഭിക്കണമെന്നാണ് യു.എ.ഇയുടെ പക്ഷം. അതിന് ജാതിയോ ഭാഷയോ ദേശീയതയോ മാനദണ്ഡമായിക്കൂടാ. ഫെഡറൽ നിയമപ്രകാരം വിവേചനവും വിദ്വേഷവും എല്ലാ അർഥത്തിലും തടയാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ലോകത്തെ ആർക്കും തങ്ങളുടെ മതം പിൻപറ്റി ജീവിക്കുവാനും ജോലി ചെയ്യുവാനും സൗകര്യമൊരുക്കിയിരിക്കുന്ന രാജ്യമാണ് യു.എ.ഇ. സഹിഷ്ണുതയാണ് യു.എ.ഇ മുഖമുദ്ര. മറ്റുള്ളവരുടെ അവകാശങ്ങളും ആചാരങ്ങളും നമ്മുടേത് പോലെത്തന്നെ പ്രധാനമാണെന്നതിനാൽ വികാരങ്ങളെ വൃണപ്പെടുത്തുന്നത് വലിയ കുറ്റമായാണ് വിലയിരുത്തുന്നത്. മതവിശ്വാസങ്ങളെ അവഹേളിക്കുക, പ്രവാചകരെ നിന്ദിക്കുക, വേദ ഗ്രന്ഥങ്ങളെ അവഹേളിക്കുക, ദേവാലങ്ങളെ അപമാനിക്കുക എന്നിവയൊക്കെ മതനിന്ദയായി കണക്കാക്കി നിയമ നടപടികളുണ്ടാവും. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന ഘട്ടത്തിലും നിയമം ബാധകമാണ്. എല്ലാ വിധ സ്വാതന്ത്ര്യവും രാജ്യം ജനങ്ങൾക്ക് നൽകുന്നുണ്ട്, എന്നാൽ മറ്റുളളവരുടെ വിശ്വാസങ്ങളും വികാരങ്ങളും മുറിപ്പെടുത്താൻ ആർക്കും അനുവാദമില്ലെന്ന് അധികൃതർ വ്യക്തമാക്കി.