LiveTV

Live

UAE

ദുബെെയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ദുബൈ പൊലീസ് ലഹരിവിരുദ്ധ വിഭാഗം കുറ്റമറ്റ രീതിയിലാണ് ഓപറേഷൻ ലിസ്ത നടപ്പാക്കിയത്.

ദുബെെയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ദുബൈയിൽ വൻ ലഹരിമരുന്നു വേട്ട. 194 കിലോ ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തതായി ദുബൈ പൊലിസ് വെളിപ്പെടുത്തി. ലിസ്താ എന്ന പേരിലാണ് ലഹരിമരുന്ന് വേട്ട നടത്തിയത്.

മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് നടത്തിയ ആസൂത്രിത നീക്കമാണ് സംഘത്തെ പിടികൂടാൻ സഹായിച്ചത്. അന്വേഷണത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. രണ്ടു സംഘങ്ങളായി പ്രവർത്തിച്ചിരുന്ന ഏഷ്യക്കാരാണ് പ്രതികൾ.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ട കൂടിയാണിതെന്ന് ദുബൈ പൊലീസ് ആന്റി നാർകോടിക്സ് ജനറൽ ഡിപാർട്മെന്റ് ഡെപ്യുട്ടി ഡയറക്ടർ കേണൽ ഖാലിദ് അലി ബിൻ മൊയേസ പറഞ്ഞു.

ദുബൈ പൊലീസ് ലഹരിവിരുദ്ധ വിഭാഗം കുറ്റമറ്റ രീതിയിലാണ് ഓപറേഷൻ ലിസ്ത നടപ്പാക്കിയത്. അൽ റാസ്, ദുബൈ ക്രീക്ക് ഹാർബർ എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് നൗകകളിൽ നിന്ന് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, പൊടി രൂപത്തിലുള്ള മറ്റു ലഹരിമരുന്നുകൾ എന്നിവ പിടികൂടിയതിൽ ഉൾപ്പെടും.

കപ്പലിന്റെയും നൗകകളുടെയും മേൽതട്ടിന് പറയുന്ന പേരാണ് ലിസ്ത. നൗകയുടെ മേൽതട്ട് ഭംഗിയായി ക്രമീകരിച്ചായിരുന്നു ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.

മരപ്പലകകൾക്കിടയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലായിരുന്നു ലഹരിമരുന്നുകൾ ഒളിപ്പിച്ചിരുന്നത്. യു.എ.ഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തുന്നവർക്ക് ഏറ്റ കനത്ത പ്രഹരമാണ് ഓപറേഷൻ ലിസ്തയെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.