LiveTV

Live

UAE

ദേശീയ ദിനാഘോഷം; അറുന്നൂറിലേറെ തടവുകാരെ യു.എ.ഇ മോചിപ്പിക്കും

ജയിൽ ജീവിത കാലത്തെ മാനസാന്തരവും നല്ലനടപ്പും പരിഗണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.

ദേശീയ ദിനാഘോഷം; അറുന്നൂറിലേറെ തടവുകാരെ യു.എ.ഇ മോചിപ്പിക്കും

യു.എ.ഇ ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി കൂടുതൽ തടവുകാർക്ക് മോചനം. ദുബൈയിൽ മാത്രം 674 തടവുകാരുടെ മോചനത്തിന് ഭരണാധികാരി ഉത്തരവിട്ടു. മറ്റു എമിറേറ്റുകളിലും നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കുന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകും.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമാണ് തടവുകാരെ അടിയന്തിരമായി മോചിപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈയിലെ കുറ്റപരിഹാര സ്ഥാപനങ്ങളിലെ അന്തേവാസികളാകും ഇങ്ങനെ മോചിതരാകുന്നത്.

ശൈഖ് മുഹമ്മദിൻെറ തീരുമാനം അവർക്ക് കുടുംബവുമൊത്ത് പുതിയൊരു ജീവിതത്തിന് തുടക്കമിടാൻ സഹായകമാകുമെന്ന് ദുബൈ അറ്റോണി ജനറൽ ഇസ്സാം അൽ ഹുമൈദാൻ വ്യക്തമാക്കി. ദുബൈ പൊലീസുമായി കൂടിയാലോചന നടത്തി മോചന നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതായും അധികൃതർ വ്യക്തമാക്കി.

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ 662 പേരെ മോചിപ്പിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കും. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുെഎമിയും ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ലയും നിരവധി തടവുകാരുടെ മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ജയിൽ ജീവിത കാലത്തെ മാനസാന്തരവും നല്ലനടപ്പും പരിഗണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.