ഒമാന്റെ ഇന്ത്യക്കാരന് മുഖ്യമന്ത്രി; ചരിത്രം പങ്കുവെച്ച് ഓംപ്രകാശ് മാലിക്
ആധുനിക ഒമാന്‍ രൂപം കൊള്ളുന്നതിന് മുമ്പ് ഒരു ഇന്ത്യക്കാരന് ഈ രാജ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഒമാന്‍ ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ പഴയകാല ഒമാന്റെ ചരിത്രം പങ്കുവെക്കുകയാണ് ഓം പ്രകാശ് മാലിക്.
ആധുനിക ഒമാന്‍ രൂപം കൊള്ളുന്നതിന് മുമ്പ് ഒരു ഇന്ത്യക്കാരന് ഈ രാജ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മറ്റൊരു ഇന്ത്യക്കാരന് കൃഷിമന്ത്രിയും. ഒമാന്‍ ദേശീയദിനം ആഘോഷിക്കുന്ന ഈ വേളയില്‍ പഴയകാല ഒമാന്റെ കൗതുകമുള്ള ചരിത്രം പങ്കുവെക്കുകയാണ് ഷാര്‍ജയിലെ ഓം പ്രകാശ് മാലിക്. ഒമാന്‍ ഭരിച്ച രണ്ടുമന്ത്രിമാരും ഇദ്ദേഹത്തിന്റെ പൂര്‍വികരാണ്.
1970ല്‍ ഇന്നത്തെ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പിറക്കുന്നതിന് 33 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി ഒമാന്‍ ഭരിച്ച രണ്ട് മന്ത്രിമാരുടെ കുടുംബത്തിലെ അംഗമാണ് 82 കാരനായ ഓംപ്രകാശ് മാലിക്ക്. അമ്മാവന് ആര്.എസ് മാലിക്ക് ആയിരുന്നു 1932 മുതല്‍ 39 വരെ ഒമാന്റെ മുഖ്യമന്ത്രി. പിതാവ് ഹര്‍ദിയാല്‍ മാലിക് 1937 മുതല്‍ രണ്ടുവര്‍ഷം കൃഷിമന്ത്രിയുമായിരുന്നു. അന്ന് ബോംബെ ആസ്ഥാനമാക്കിയാണ് ബ്രിട്ടന് ഒമാന്‍ ഭരിച്ചിരുന്നത്.
മസ്കത്ത് ആന്‍ഡ് ഒമാന്‍ എന്നായിരുന്നു അന്ന് രാജ്യത്തിന്റേ പേര്. ഒന്നാംലോക മഹായുദ്ധകാലത്ത് ബ്രട്ടീഷ് സര്‍വീസിലെത്തിയ അമ്മാവന് ആര്.എസ് മാലിക്കിന് ആദ്യം ഇറാഖിലായിരുന്നു ജോലി. ഇറാഖിലെ കുര്‍ദ് വംശജ ബസിയ ആയിരുന്നു ജീവിതസഖി. പിന്നീടാണ് മസ്കത്ത് ആന്‍ഡ് ഒമാന്റെ മുഖ്യമന്ത്രിയായത്. ബ്രിട്ടീഷുകാര്‍ക്ക് മാത്രം നല്കുന്ന ഈ പദവി ലഭിച്ച ഏക ഇന്ത്യക്കാരനും ഇദ്ദേഹമായിരുന്നു.
ഇന്ന് പാകിസ്താന്റെ ഭാഗമായ മിയാന്‍ വാലിയില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ബിരുദധാരികളായിരുന്നു. അറബിയും പാഴ്സിയും ഉറുദുവും നന്നായി അറിയാനായത് മന്ത്രിപദത്തിലെത്താന്‍ സഹായിച്ചു. കുടുംബത്തിന്റെ ചരിത്രം തിരഞ്ഞ ഓംപ്രകാശിന് യു.എ.ഇയിലെ ഒമാന്‍ എംബസിയാണ് പഴയ ചരിത്ര രേഖകള്‍ ലഭ്യമാക്കിയത്.