സന്തോഷകരമായ റോഡ് യാത്ര; ദുബൈക്ക് വീണ്ടും നേട്ടം, മുംബൈ ഏറ്റവും പിന്നിൽ
ഫ്രാൻസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മിസ്റ്റർ ഓട്ടോ കമ്പനി നടത്തിയ പഠനത്തിലാണ് ദുബൈക്ക് നേട്ടം കൈവരിച്ചത്.

ദുബൈ: ആഹ്ലാദകരമായ വാഹന യാത്രക്ക് അനുയോജ്യമായ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമെന്ന പദവി വീണ്ടും ദുബൈ നഗരത്തിന്. ഫ്രാൻസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മിസ്റ്റർ ഓട്ടോ കമ്പനി നടത്തിയ പഠനത്തിലാണ് ദുബൈ നേട്ടം കൈവരിച്ചത്. കനഡയിലെ കാൽഗരിക്കാണ് ഒന്നാം സ്ഥാനം.
അതേസമയം, നൂറ് ലോകനഗരങ്ങളിലെ ഏറ്റവും മോശം റോഡ് ഡ്രൈവിംഗ് അനുഭവമുള്ള നഗരമായി ഇന്ത്യയിലെ മുംബൈ തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താനിലെ കറാച്ചിക്കും പിന്നിലാണ് ഈ ഗണത്തിൽ മുംബൈ. മോശം നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്തയും ഇടംനേടി.

റോഡിന്റെ ഗുണമേന്മ, കുറഞ്ഞ റോഡ് ടാക്സ്, താരതമ്യേന കുറഞ്ഞ ഇന്ധനച്ചെലവ്, പാർക്കിങ് സൗകര്യം, അപകടങ്ങൾ കുറവ് തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് മിസ്റ്റർ ഓട്ടോ റോഡുകൾക്ക് മാർക്കിട്ടത്. 100 പോയിന്റുമായി കാൽഗരി ഒന്നാംസ്ഥാനത്തെത്തിയപ്പോൾ 97.87 പോയിന്റുമായി ദുബൈ തൊട്ടുപിന്നിലെത്തി. പെർത്ത്, കാൽഗാരി, വിയന്ന, സിംഗപ്പൂർ, ലണ്ടൻ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ റോഡ് നികുതി മാത്രമേ ഈടാക്കുന്നുള്ളൂ എന്നതാണ് ദുബൈയുടെ പ്രത്യേകത. കാനഡ, സിറ്റ്സ്വർലൻഡ്, ടെക്സാസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് തുടർ സ്ഥാനങ്ങളിലുള്ളത്.

റോഡ് ഗതാഗതത്തിൽ മികച്ച സൗകര്യങ്ങളൊരുക്കുന്ന നഗരങ്ങളുടെ പഠനത്തോടൊപ്പം വാഹന യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നഗരങ്ങളിലെ അവസ്ഥകളും പരിശോധിച്ചാണ് തീരുമാനം. ഡ്രൈവിങ് പ്രയാസം സൃഷ്ടിക്കുന്ന നഗരങ്ങളെയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിലെ നഗരങ്ങളാണ് ഇതിൽ കൂടുതൽ.
റോഡ് ഡ്രൈവിംഗ് അനുഭവത്തിലെ മികച്ച പത്ത് നഗരങ്ങൾ
കാൽഗരി, ദുബൈ, ഒട്ടാവ, ബേൺ, എൽപാസോ, വാൻകൂവർ, ഗോതൻബർഗ്, ദുസ്സൽദോർഫ്, ബേസൽ, ഡോട്മുണ്ട്.
റോഡ് ഡ്രൈവിംഗ് അനുഭവത്തിലെ മോശം പത്ത് നഗരങ്ങൾ
മുംബൈ, ഉലൻബാത്തർ, കൊൽക്കത്ത, ലാഗോസ്, കറാച്ചി, ബൊഗോട്ട, സാവോപോളോ, മെക്സിക്കോ സിറ്റി, റയോഡി ജനീറോ, മോസ്കോ.