LiveTV

Live

UAE

മൂന്നു ദുബെെ മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാൻ കരാർ നൽകി

അഞ്ചു വർഷത്തിനുള്ളിൽ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈൻ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുക എന്നതാണ് ലക്ഷ്യം

മൂന്നു ദുബെെ മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാൻ കരാർ നൽകി

മൂന്നു മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി കരാർ നൽകി. ദുബൈയിൽ പൊതുഗതാഗത രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും ഇതുവഴി സാധിക്കും. സ്റ്റേഷനുകളുടെ വിപുലീകരണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് പദ്ധതി.

അഞ്ചു വർഷത്തിനുള്ളിൽ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈൻ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ അൽ തായർ അറിയിച്ചു.

ഓരോ സ്റ്റേഷനുകളിൽ നിന്നും വിവിധ ഗതാഗത മാർഗങ്ങളിലേക്കു മാറാനുള്ള സൗകര്യം, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ, നിശ്ചയദാർഢ്യമുള്ളവർക്ക് മികച്ച സംവിധാനം ഏർപ്പെടുത്തൽ എന്നിവ വിപുലീകരണത്തിൽ ഉൾപ്പെടും. നടപ്പാല നിർമാണം, സൂചിക ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും വികസന പദ്ധതിയുടെ ഭാഗമാണ്.

റെഡ് ലൈനിലെ ദുബൈ ഇന്റർനെറ്റ് സിറ്റി, ഡമാക് പ്രോപ്പർട്ടീസ്, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളാണ് വിപുലീകരിക്കുക. ഇതിനു പുറമെ അൽ റാഷിദിയ, ജിജികോ, അൽ ക്വയെദ, നൂർ ബാങ്ക്, ഫിനാൻഷ്യൽ സെന്റർ എന്നീ സ്റ്റേഷനുകളിലും പരിഷ്കരണം കൊണ്ടു വരും. ദുബൈ വാട്ടർ കനാൽ, ഷെയ്ഖ് സായിദ് റോഡ് എന്നീ ജലഗതാഗത സ്റ്റേഷനുകളിലും സൗകര്യങ്ങൾ വർധിപ്പിക്കും.