LiveTV

Live

UAE

ഇറാഖില്‍ ഐ.എസ് തകർത്ത രണ്ട് ചർച്ചുകൾ യു.എ.ഇ പുനര്‍ നിര്‍മിക്കും

ഇറാഖില്‍ ഐ.എസ് തകർത്ത  രണ്ട് ചർച്ചുകൾ യു.എ.ഇ പുനര്‍ നിര്‍മിക്കും

ഭീകര സംഘടനയായ ഐ.എസ് തകർത്ത ഇറാഖ് മൊസൂളിലെ രണ്ട് ചർച്ചുകൾ യു.എ.ഇ പുനര്‍ നിര്‍മിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ മൊസൂൾ നഗരത്തിന്റെ സാംസ്കാരിക പൈതൃക പുനർനിർമാണത്തിന് 50.4 ദശലക്ഷം ഡോളർ നൽകാനും യു.എ.ഇ തീരുമാനിച്ചിരുന്നു.

സഹിഷ്ണുതാ വർഷ തുടർച്ചയായാണ് യു.എ.ഇയുടെ പുതിയ തീരുമാനം. മൊസൂളിന്റെ ആത്മാവ് വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ ഒരുക്കുന്ന ദൗത്യത്തിലെ പങ്കാളിത്ത ഉടമ്പടി പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഒപ്പുവെച്ചു. വെളിച്ചം വീശുന്ന സന്ദേശമാണ് ഉടമ്പടിയെന്ന് ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ച യു.എ.ഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രി നൂറ അൽ കഅബി പറഞ്ഞു. പഴമയുടെ ഒരു ഭാഗം പുനർനിർമിക്കുക വഴി ഇറാഖിന് അതിന്റെ ഭാവിയെ സഹിഷ്ണുതയിലൂന്നി പടുത്തുയർത്താൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാഖിലെ ചർച്ചുകൾ പുനർനിർമിക്കുന്ന ആദ്യ ലോക രാഷ്ട്രമാണ് യു.എ.ഇ. 800 വർഷം പഴക്കമുള്ള അൽ താഹിറ സിറിയൻ കാത്തലിക് ചർച്ച്, 18ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട അൽ സആ ചർച്ച് എന്നിവയുടെ പുനർനിർമാണ ദൗത്യമാണ് യു.എ.ഇ ഏറ്റെടുത്തത്.വിവിധ മത-വംശ സംഘങ്ങൾ പരസ്പര സഹകരണത്തിൽ കഴിഞ്ഞു പോന്ന നഗരത്തിന്റെ യഥാർഥ സത്ത തിരിച്ചു പിടിക്കാൻ ഈ ദൗത്യം വഴിയൊരുക്കുമെന്ന് യുനെസ്കോ ജനറൽ ഡയറക്ടർ ഔഡ്രീ അസോലേ അഭിപ്രായപ്പെട്ടു. 840 വർഷം പഴക്കമുള്ള അൽ നൂറി പള്ളി 45 മീറ്റർ ഉയരമുള്ള അൽ ഹദ്ബ മിനാരമുൾപ്പെടെ പുനർനിർമിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ആദ്യഘട്ടത്തിൽ ഉള്ളത്.