LiveTV

Live

UAE

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; ബ്രീട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനോ ഇംപരോ അടുത്ത മാസം ദുബൈ വിടും

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; ബ്രീട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനോ ഇംപരോ അടുത്ത മാസം ദുബൈ വിടും

ദുബൈയിൽ നങ്കൂരമിട്ട ബ്രിട്ടീഷ് എണ്ണകപ്പൽ സ്റ്റെനോ ഇംപരോ'യിലെ ജീവനക്കാർ ആഹ്ലാദത്തിൽ. രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്വം അവസാനിച്ചതിന്റെ സംതൃപ്തിയിലാണ് എല്ലാവരുമെന്ന് കപ്പൽ ഉടമസ്ഥരായ സ്വീഡിഷ് കമ്പനി വെളിപ്പെടുത്തി. അടുത്ത മാസം കപ്പൽ ദുബൈ തീരം വിട്ടേക്കുമെന്നാണ് സൂചന.

ബന്തർ അബ്ബാസ് തുറമുഖത്തു നിന്ന് വെള്ളിയാഴ്ച രാത്രിയാണ് സ്റ്റെന ഇംപരോ ദുബൈ പോർട്ട് റാശിദിൽ എത്തിച്ചേർന്നത്. ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘം ജീവനക്കാരെ പരിശോധിച്ചു. രണ്ടു മാസത്തിലേറെ നീണ്ട പിരിമുറുക്കം ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിച്ചെങ്കിലും മോചിപ്പിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ജീവനക്കാർക്ക് ദുബൈയിൽ നിന്നു തന്നെ അവരുടെ നാടുകളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടരുകയാണ്. പ്രതികൂല സാഹചര്യത്തെ ക്ഷമാപൂർവം നേരിട്ട ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും കപ്പൽ കമ്പനി അധികൃതർ നന്ദി പറഞ്ഞു. അതേ സമയം കപ്പലിലെ ജീവനക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കമ്പനി വിസമ്മതിക്കുകയാണ്. പതിനാറ് ജീവനക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെടും.

യൂറോപ്യൻ യൂനിയൻ ഉപരാധം നിലനിൽക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്റെ എണ്ണ കപ്പൽ ജിബ്രാൾട്ടറിൽ തടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പൽ സ്റ്റെന ഇംപരോ തെഹ്റാൻ പിടിച്ചെടുത്തത്. ഇതേ തുടർന്ന് ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകൾ ബ്രിട്ടൻ മേഖലയിലേക്ക് അയക്കുകയും ചെയ്തു. ആഗസ്റ്റ് 18ന് ജിബ്രാർട്ടർ കോടതി ഇറാൻ കപ്പൽ വിട്ടയച്ചേതാടെയാണ് സ്റ്റെന ഇംപരോ കൈമാറാൻ ഇറാൻ തീരുമാനിച്ചത്. എട്ടു ജീവനക്കാരെ നേരത്തെ തന്നെ മോചിപ്പിച്ചിരുന്നു.