LiveTV

Live

UAE

മേജർ ഹസ്സ അൽ മൻസൂരിയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ ആഹ്ലാദത്തേരിലേറി യു.എ.ഇ

മനസ് വെച്ചാൽ ബഹിരാകാശ ദൗത്യത്തിലും ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് രാജ്യവും ഭരണകൂടവും

മേജർ ഹസ്സ അൽ മൻസൂരിയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ ആഹ്ലാദത്തേരിലേറി യു.എ.ഇ

മേജർ ഹസ്സ അൽ മൻസൂരിയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ ആഹ്ലാദത്തേരിലേറി രാഷ്ട്ര നേതാക്കളും ജനതയും. ശാസ്ത്ര, സാങ്കേതിക രംഗത്ത് വൻ മുന്നേറ്റം നടത്താൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. ഉപഗ്രഹ വിക്ഷേപണം ഉൾപ്പെടെയുള്ള ഭാവി പദ്ധതികൾക്കും രൂപം നൽകി.

മേജർ ഹസ്സ അൽ മൻസൂരിക്കൊപ്പം ആകാശത്തേക്ക് കുതിക്കുകയാണ് യു.എ.ഇ എന്ന നാടിന്‍റെ പ്രതീക്ഷകളും സ്വപ്നങ്ങളും. സാധാരണക്കാർ മാത്രമല്ല, ഭരണാധികാരികളും ബഹിരാകാശ ദൗത്യത്തിന്‍റെ ആഹ്ലാദം ഏറ്റുവാങ്ങുകയാണ്. ഹസ്സ അൽ മൻസൂരിയുമായി റോക്കറ്റ് കുതിച്ചുയരുമ്പോൾ മൊബൈൽ ഫോണിലൂടെയും മറ്റും അതിന്‍റെ തൽസമയ ദൃശ്യങ്ങൾ അഭിമാനത്തോടെ നോക്കി കാണുകയായിരുന്നു വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. മരുഭൂമിയിലെ സൈക്ലിങ് ട്രാക്കിൽ സൈക്കിളോട്ടം നിർത്തി അദ്ദേഹം തന്റെ മൊബൈൽ ഫോണിലൂടെ ദൗത്യം ആസ്വദിക്കുന്ന വീഡിയോ പുറത്തുവന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വിഡിയോ ഉടൻ വൈറലായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിലിരുന്നാണ് ചരിത്രനിമിഷത്തിന് സാക്ഷിയായത്.

ഇനി അടുത്തവര്‍ഷം നടക്കുന്ന ചൊവ്വ പര്യവേക്ഷണത്തിലാണ് യു.എ.ഇയുടെ എല്ലാ ശ്രദ്ധയും. സ്വന്തമായി വികസിപ്പിച്ച ഖലീഫസാറ്റ് ഉള്‍പ്പെടെ 10 ഉപഗ്രഹങ്ങള്‍ നിലവില്‍ യു.എ.ഇ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. അടുത്തവര്‍ഷം രണ്ട് ഉപഗ്രഹം കൂടി വിക്ഷേപിക്കാനാണ് പദ്ധതി. ഭാവിയിൽ ചൊവ്വയിലെ ആദ്യ നഗരം നിർമിക്കുന്ന രാഷ്ട്രം എന്ന ലക്ഷ്യവും സ്വന്തമാക്കാനാണ് പദ്ധതി. മനസ് വെച്ചാൽ ബഹിരാകാശ ദൗത്യത്തിലും ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് രാജ്യവും ഭരണകൂടവും.