LiveTV

Live

UAE

ഇന്ത്യയിൽ നിക്ഷേപം നടത്താൻ എണ്ണമറ്റ യു.എ.ഇ സ്ഥാപനങ്ങൾ രംഗത്ത്

ഇന്ത്യയിൽ നിക്ഷേപം നടത്താൻ എണ്ണമറ്റ യു.എ.ഇ സ്ഥാപനങ്ങൾ രംഗത്ത്

ഇന്ത്യയിൽ നിക്ഷേപം നടത്താൻ എണ്ണമറ്റ യു.എ.ഇ സ്ഥാപനങ്ങൾ രംഗത്ത്. വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള യു.എ.ഇ താൽപര്യം ഇന്ത്യക്ക് മികച്ച നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ-റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ പ്രത്യേക താൽപര്യമെടുക്കുമെന്നും നിക്ഷേപകർക്ക് കേന്ദ്രം ഉറപ്പു നൽകി.

എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ഭക്ഷ്യ സംസ്കരണം, പാരമ്പര്യേതര ഊർജം, ഷിപ്പിങ്, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതികൾക്കു രൂപം നൽകാനാണ് യു.എ.ഇ, ഇന്ത്യ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ യു.എ.ഇ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ നിക്ഷേത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. യു.എ.ഇ സംരംഭകരുടെ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകുമെന്ന് മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഏതാനും കമ്പനികൾ നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കി. അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് നിക്ഷേപം കൂടുതൽ. കൂടുതൽ കമ്പനികൾക്കു ലൈസൻസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിന്നിട്ട ഒരു വർഷത്തിനിടയിലാണ് ഇത്രയും സംരംഭകർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടു വന്നത്.

പോയ വർഷം ഒക്ടോബറിൽ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത ടാസ്ക് ഫോഴ്സ് യോഗാനന്തരം വാണിജ്യ-വ്യവസായ വ്യവസായ മേഖലയിൽ വലിയ ഉണർവ് രൂപപ്പെട്ടതായി കേന്ദ്രസർക്കാർ വിലയിരുത്തുന്നു. അബുദാബിയിൽ നടന്ന സംയുക്ത ടാസ്ക് ഫോഴ്സ് യോഗം കഴിഞ്ഞ ദിവസം വിവിധ പദ്ധതികൾ അവലോകനം ചെയ്തു. ഇന്ത്യയിലെ തീരമേഖലയുടെ വികസനം ലക്ഷ്യമിടുന്ന സാഗർമാല പദ്ധതി, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചു നിർമിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ, ഹൈവേകൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവയിലും യു.എ.ഇ നിക്ഷേപകർ താൽപര്യമെടുക്കുന്നുണ്ട്.