LiveTV

Live

UAE

വേള്‍ഡ് എക്സ്പോക്കായുള്ള ഇന്ത്യന്‍ പവലിയന്‍ നിര്‍മ്മാണത്തിന് തുടക്കമായി

അടുത്ത വർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

വേള്‍ഡ് എക്സ്പോക്കായുള്ള ഇന്ത്യന്‍ പവലിയന്‍ നിര്‍മ്മാണത്തിന് തുടക്കമായി

അടുത്ത വർഷം ദുബൈയിൽ നടക്കുന്ന വേൾഡ് എക്സ്പോയിലെ ഇന്ത്യാ പവലിയൻെറ നിർമാണത്തിന് തുടക്കം. കേന്ദ്ര വാണിജ്യ-റെയിൽ മന്ത്രി പിയൂഷ് ഗോയൽ കല്ലുകൾ പാകിയാണ് നിർമാണ ജോലിക്ക് തുടക്കം കുറിച്ചത്. എക്സ്പോയിലെ ഏറ്റവും വലിയ പവലിയൻ കൂടിയായിരിക്കും ഇന്ത്യയുടേത്.

തറക്കല്ലിടൽ ചടങ്ങിൽ കേന്ദ്ര വാണിജ്യ-റെയിൽ മന്ത്രിക്ക് പുറമെ ഉന്നതതല സംഘവും സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ഡോ.ബി.ആർ.ഷെട്ടി, ഡോ.ആസാദ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഓപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ 'പവലിയൻ' വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും.

അടുത്ത വർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ചടങ്ങിലാണ് പവലിയൻെറ രൂപരേഖ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പുറത്തിറക്കിയത്.

പവലിയൻ നിർമാണത്തിന് കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ.ദ്വിവേദിയും ദുബൈ എക്സ്പോ 2020 ബ്യൂറോ എക്സിക്യൂട്ടീവ് ഡയറക്ടർ നജീബ് മുഹമ്മദ് അൽ അലിയും നേരത്തെ ഒപ്പുവച്ചിരുന്നു. എക്സ്പോയിൽ അവസരം ഉറപ്പാക്കാൻ കേരളം ഉൾപ്പെടെ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.