LiveTV

Live

UAE

അന്താരാഷ്ട്ര നാവികസുരക്ഷ സഖ്യത്തിന്റെ ഭാഗമാവാന്‍ യു.എ.ഇയും

കഴിഞ്ഞ ദിവസം സൗദി അറേബ്യയും സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്ട്ര നാവികസുരക്ഷ സഖ്യത്തിന്റെ ഭാഗമാവാന്‍ യു.എ.ഇയും

അന്താരാഷ്ട്ര നാവികസുരക്ഷ സഖ്യത്തിൻെറ ഭാഗമായി മാറാൻ യു.എ.ഇയും തീരുമാനിച്ചു. സൗദി അറേബ്യയിൽ നടന്ന തീവ്രവാദി ആക്രമണത്തിൻെറ സാഹചര്യത്തിൽ ഗൾഫ് സമുദ്ര സുരക്ഷ ഉറപ്പാക്കാൻ സംയുക്ത നാവിക സഖ്യം അനിവാര്യമാണെന്ന് യു.എ.ഇ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൗദി അറേബ്യയും സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹോർമുസ് കടലിടുക്ക് മുഖേനയുള്ള സുരക്ഷിത എണ്ണവ്യാപാരത്തിന് സംയുക്ത സുരക്ഷാ അകമ്പടി ആവശ്യമാണെന്ന് യു.എ.ഇ വ്യക്തമാക്കി. നിലവിലെ വെല്ലുവിളികൾ മുൻനിർത്തിയാണ് സംയുക്ത നാവിക സേനക്ക് പിന്തുണ നൽകുന്നതെന്ന് യു.എ.ഇയുടെ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടർ സാലിം അൽ സാബി അറിയിച്ചു. സമുദ്ര ഗതാഗതം വഴിയുള്ള ആഗോള വ്യാപാരത്തിലുള്ള ഭീഷണികളെ തടയാൻ ഇതുമുഖേന സാധിക്കുമെന്ന പ്രത്യാശയും യു.എ.ഇ പങ്കുവെക്കുന്നു.

ആസ്‌ട്രേലിയ, ബഹറൈന്‍, യു.കെ എന്നിവ ഉള്‍പ്പെടെ യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തിലാണ് യു.എ.ഇയും അംഗമാകുന്നത്. വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിൻെറ ലക്ഷ്യം. ഇതുവഴി ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ഒമാന്‍ കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നീ സമുദ്രമേഖലകള്‍ സുരക്ഷിതാമാക്കാനാകുമെന്ന് യു.എ.ഇ പ്രതീക്ഷിക്കുന്നു.

സമുദ്രഗതാഗതം വഴിയുള്ള ആഗോളവ്യാപാരം നേരിടുന്ന ഭീഷണികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിത്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന ജലപാതയായ ഹോര്‍മുസ് വഴിയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ-വാതക കയറ്റുമതിയുടെ 40 ശതമാനവും കടന്നു പോകുന്നത്.