LiveTV

Live

UAE

അരാംകോ; എണ്ണ ലഭ്യത ഉറപ്പാക്കാന്‍ സൗദിക്ക് യു.എ.ഇ പിന്തുണ 

സൗദിയെ ഏതു നിലക്കും പിന്തുണക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ. ഇ വ്യക്തമാക്കി

അരാംകോ; എണ്ണ ലഭ്യത ഉറപ്പാക്കാന്‍ സൗദിക്ക് യു.എ.ഇ പിന്തുണ 

സൗദി എണ്ണകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉൽപാദനം ഭാഗികമായ കുറഞ്ഞിരിക്കെ, എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. ഇതിന്റെ ഭാഗമായി ഒപെകുമായി കൂടിയാലോചിച്ച് വിപണിയിലേക്ക് അധിക ഉൽപാദനം നടത്താൻ സന്നദ്ധമാണെന്ന് യു.എ.ഇ വ്യക്തമാക്കി. എന്നാൽ അടിയന്തര ഒപെക് നേതൃയോഗം ചേരാനുള്ള സാധ്യത യു.എ.ഇ തള്ളി.

എണ്ണ ഉൽപാദനവുമായി ബന്ധെപ്പട്ട പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സൗദിയെ ഏതു നിലക്കും പിന്തുണക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ. ഇ വ്യക്തമാക്കി. സാങ്കേതികം, വിതരണം എന്നിങ്ങനെ ഏതു തുറകളിലും സൗദിയെ പിന്തുണക്കുമെന്ന് യു.എ.ഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്റൂഇ അറിയിച്ചു.

ഉൽപാദന മേഖലയിൽ യു.എ.ഇയുടെ സാധ്യത പ്രയോജനപ്പെടുത്താൻ തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപെക് കൂട്ടായ്മയിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദനം നടത്തുന്ന മൂന്നാമത് രാജ്യമാണ് യു.എ.ഇ. മൂന്നര ദശലക്ഷം ബാരലാണ് യു.എ.ഇയുടെ പ്രതിദിന ഉൽപാദന തോത്. ഒപെക് ധാരണ പ്രകാരം ജനുവരി മുതൽ യു.എ.ഇ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

സൗദി എണ്ണ കേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച യു.എ.ഇ നേതൃത്വം റിയാദിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. സൗദി എണ്ണ ഉൽപാദനം സാധാരണ നില കൈവരിക്കാൻ അധിക സമയം വേണ്ടി വരില്ലെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ. അതുവരെയുള്ള പ്രതിസന്ധി നേരിടാൻ ഒപെക് കൂട്ടായ്മ പര്യാപ്തമാണെന്നും യു.എ.ഇ വിലയിരുത്തുന്നു.