LiveTV

Live

UAE

യു.എ.ഇ പ്രതിരോധ സേനാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

രാജ്യത്തിനു വേണ്ടി പ്രിയപ്പെട്ടവരുടെ ജീവിതം നൽകിയതിൽ അഭിമാനമുണ്ടെന്ന് മരണപ്പെട്ട സൈനികരുടെ രക്ഷിതാക്കൾ പറഞ്ഞു.

യു.എ.ഇ പ്രതിരോധ സേനാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

യു.എ.ഇയിലെ ആറു പ്രതിരോധ സേനാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ദൗത്യനിർവഹണത്തിനിടെ സൈനിക വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇവർ രക്തസാക്ഷികളായത്. സൈനികരുടെ നിര്യാണത്തിൽ സായുധസേനയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ദുഃഖം രേഖപ്പെടുത്തി.

യു.എ.ഇ വ്യോമസേന വിമാനത്തിൽ കഴിഞ്ഞ ദിവസം അൽ ബത്തീൻ വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി സംസ്കരിച്ചത്. ക്യാപ്റ്റൻ സഈദ് അഹ്മദ് റാഷിദ് അൽ മൻസൂരി, വാറണ്ട് ഓഫിസർമാരായ അലി അബ്ദുല്ല അഹ്മദ് അൽ ദൻഹാനി, സായിദ് മുസല്ലം സുഹൈൽ അൽ അമീരി, സാലിദ് ഹസൻ സാലിഹ് ബിൻ അംറ്, നസീർ മുഹമ്മദ് ഹമദ് അൽ കഅബി, സർജൻറ് സൈഫ് ദാവി റാഷിദ് അൽ തുനൈജി എന്നിവരാണ് രക്തസാക്ഷിത്വം വരിച്ച സൈനികർ. ഇവരുടെ വിയോഗത്തിൽ രാജ്യം കണ്ണീർ വാർക്കുകയാണ്.

വിടവാങ്ങിയ സൈനികരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് സാന്ത്വനം പകരുന്ന തിരക്കിലാണ് നേതാക്കൾ. രാജ്യത്തിനു വേണ്ടി പ്രിയപ്പെട്ടവരുടെ ജീവിതം നൽകിയതിൽ അഭിമാനമുണ്ടെന്ന് മരണപ്പെട്ട സൈനികരുടെ രക്ഷിതാക്കൾ പറഞ്ഞു. അതിനിടെ, അപകടത്തിൽ പരിക്കേറ്റ സൈനികരെയും വിവിധ നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു.