LiveTV

Live

UAE

നാസിലിനെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍; നേരിടുമെന്ന് നാസില്‍

തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചാണ് കേസ് നല്‍കുക. അജ്മാന്‍ കോടതിയില്‍ കേസ് നടത്തിപ്പിനായി അഭിഭാഷകനെ ചുമതലപ്പെടുത്തും.

നാസിലിനെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍; നേരിടുമെന്ന് നാസില്‍

വണ്ടിചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അജ്മാന്‍ കോടതിയില്‍ അഭിഭാഷകന്‍ മുഖേന കേസ് ഫയല്‍ ചെയ്ത തുഷാര്‍ നാളെ നാട്ടിലേക്ക് തിരിക്കും. കേസ് നേരിടുമെന്ന് നാസില്‍ അബ്ദുല്ല പ്രതികരിച്ചു.

വണ്ടിചെക്ക് കേസ് ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്. അന്വേഷണത്തിലൂടെ ഇതില്‍ പങ്കാളികളായവരെയും പുറത്തുകൊണ്ടുവരുമെന്ന് തുഷാര്‍ പറഞ്ഞു. അഭിഭാഷകന്‍ വഴി അജ്മാന്‍ കോടതിയിലാകും കേസ് നല്‍കുക. സ്ഥാപനത്തില്‍ നിന്ന് നാസിലിന് താന്‍ ഒപ്പിട്ട ചെക്ക് ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും തുഷാര്‍ പറഞ്ഞു.

കേസ് ഫയല്‍ ചെയ്താല്‍ നേരിടുമെന്ന് നാസില്‍ അബ്ദുല്ല പ്രതികരിച്ചു. തുഷാറിന്റെ സ്ഥാപനത്തില്‍ താനുമായി ഇടപാട് നടത്താന്‍ ആരെയാണോ ചുമതലപ്പെടുത്തിയിരുന്നത്, അവര്‍ തന്നെയാണ് തനിക്ക് ചെക്ക് നല്‍കിയിട്ടുള്ളത്. എല്ലാ ഇടപാടുകളും അവരുമായാണ് നടത്തിയിരുന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും നാസില്‍ പറഞ്ഞു.