LiveTV

Live

UAE

മേഖലയുടെ സുരക്ഷക്കും കെട്ടുറപ്പിനുമായി സൗദിക്കൊപ്പം നിലയുറപ്പിക്കുമെന്ന് യു.എ.ഇ

സൗദിയുമായി അകല്‍ച്ചയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും യു.എ.ഇ

മേഖലയുടെ സുരക്ഷക്കും കെട്ടുറപ്പിനുമായി സൗദിക്കൊപ്പം നിലയുറപ്പിക്കുമെന്ന് യു.എ.ഇ

മേഖലയുടെ സുരക്ഷക്കും കെട്ടുറപ്പിനും വേണ്ടി സൗദിക്കാപ്പം ശക്തമായി നിലയുറപ്പിക്കുമെന്ന് യു.എ.ഇ. ഇരു രാജ്യങ്ങളും തമ്മിൽ അകൽച്ചയുണ്ടെന്ന് വരുത്തി തീർക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമം വിജയിക്കില്ലെന്നും യു.എ.ഇ വ്യക്തമാക്കി.

മേഖലയിലെ വെല്ലുവിളികൾ നേരിടാൻ സൗദിയോടൊപ്പം നിലയുറപ്പിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സുരക്ഷിതത്വവും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ യുഎഇയും സൗദിയും തോളോടു തോൾ ചേർന്ന് പ്രവർത്തിക്കും. ഇരുരാജ്യങ്ങൾക്കും പൊതുവായ ലക്ഷ്യവും ഭാവിയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തസാക്ഷികളോടുള്ള ആദരസൂചകമായി അബുദാബിയിലെ മഹാവിയിൽ പ്രസിഡൻഷ്യൽ ഗാർഡ് രക്തസാക്ഷി പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികളും ഭീഷണികളും രാജ്യം നേരിടുകയും അതിജീവിക്കുകയും ചെയ്തുവരികയാണ്. അറബ് സഖ്യസേനയിലെ യു.എ.ഇ പങ്കാളിത്തത്തിലൂടെ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ശക്തവും വ്യക്തവുമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷികളായവർക്കും കുടുംബാംഗങ്ങൾക്കും ആദരമർപ്പിച്ച അദ്ദേഹം കുടുംബങ്ങളുടെ ക്ഷേമം രാജ്യം ഉറപ്പാക്കുമെന്നും പറഞ്ഞു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യുട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ശൈഖ്മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.