LiveTV

Live

UAE

ഷാർജയിൽ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ ബസിൽ അഗ്നിബാധ

ഷാർജയിൽ  വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ ബസിൽ അഗ്നിബാധ

ഷാർജ കൽബയിൽ ചെറിയ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ ബസിൽ അഗ്നിബാധ. കുട്ടികളെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിഞ്ഞതിനാൽ വലിയ അത്യാഹിതം ഒഴിവായി. സംഭവത്തെ കുറിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തും.

രാവിലെ 6.30നായിരുന്നു സംഭവം. രണ്ടാം ക്ലാസ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കത്തിനശിച്ചത്. വില്ലകളുടെ പ്രദേശത്ത് എത്തിയപ്പോൾ ബസിന്റെ എൻജിനിൽ നിന്ന് പുക ഉയരുകയായിരുന്നു. ഉടൻ ബസ് നിർത്തിയ ഡ്രൈവർ കുട്ടികളെയെല്ലാം പുറത്തിറക്കി.

തുടർന്ന് ഷാർജ പൊലീസിലും സിവിൽ ഡിഫൻസിലും ഡ്രൈവർ വിവരം അറിയിച്ചു. ഇതിനിടയിൽ ബസിൽ തീ പടരുകയായിരുന്നു. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം സമീപത്തെ വില്ലകളിലേയ്ക്ക് തീ പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കുട്ടികൾ എല്ലാവരും സുരക്ഷിതരാണെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖമിസ് അൽ നഖ്ബി പറഞ്ഞു. കുട്ടികളെ പിന്നീട് മറ്റൊരു ബസിൽ സ്കൂളിലെത്തിക്കുകയായിരുന്നു. കേസ് ഫോറൻസിക് ലാബിന് കൈമാറിയതായി പൊലിസ് അറിയിച്ചു. സ്കൂൾ ബസുകൾ കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്തി അപകട സാഹചര്യം ഇല്ലാതാക്കണമെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഈ സംഭവം.