LiveTV

Live

UAE

യു.എ.ഇയിൽ വിദ്യാലയങ്ങൾ ഞായറാഴ്ച തുറക്കും; ഗതാഗത സ്തംഭനം പരിഹരിക്കാൻ മുൻകരുതലുമായി പൊലിസ്

യു.എ.ഇയിൽ വിദ്യാലയങ്ങൾ ഞായറാഴ്ച തുറക്കും; ഗതാഗത സ്തംഭനം പരിഹരിക്കാൻ മുൻകരുതലുമായി പൊലിസ്

വേനലവധിക്ക് ശേഷം യു.എ.ഇയിൽ വിദ്യാലയങ്ങൾ ഞായറാഴ്ച തുറക്കാനിരിക്കെ, ഗതാഗത സ്തംഭനം പരിഹരിക്കാൻ മുൻകരുതൽ നടപടികളുമായി പൊലിസ്. ആയിരക്കണക്കിന് സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി വിവിധ പൊലിസ് വിഭാഗങ്ങൾ അറിയിച്ചു. സ്വദേശി വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതും ഞായറാഴ്ചയാണ്.

ദുബൈ, ഷാർജ ഉൾപ്പെടെ യു.എ.ഇയിലെ മിക്ക റോഡുകളിലും നല്ല തിരക്കായിരിക്കും അനുഭവപ്പെടുക. വേനലവധി കാരണം പിന്നിട്ട രണ്ടു മാസക്കാലം വലിയ ഗതഗാത കുരുക്ക് പ്രകടമായിരുന്നില്ല. സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളാണ് അധികൃതർ അടുത്തിടെ കൈക്കൊണ്ടത്. തുടക്ക ദിവസങ്ങളിലെ വർധിത തിരക്ക് മുൻനിർത്തി ബസുകളിൽ നേരത്തെ തന്നെ വിദ്യാർഥികളെ കൊണ്ടു വരാനുള്ള തയാറെടുപ്പിലാണ് മിക്ക വിദ്യാലയങ്ങളും. സ്കൂൾ ബസ് ഡ്രൈവർമാർക്കായി വിവിധ സുരക്ഷാ ഏജൻസികളുടെ ബോധവത്കരണ ക്ലാസുകളും നടന്നിരുന്നു. പ്രധാന റോഡുകളിലും സ്കൂൾ പരിസരങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ദുബൈ പൊലിസ് അറിയിച്ചു.