LiveTV

Live

UAE

തുഷാറിന്‍റെ അപേക്ഷ കോടതി തള്ളി; ഉടന്‍ നാട്ടിലെത്താനാവില്ല

യു.എ.ഇ പൌരന്‍റ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ കോടതി തള്ളി.

തുഷാറിന്‍റെ അപേക്ഷ കോടതി തള്ളി; ഉടന്‍ നാട്ടിലെത്താനാവില്ല

വണ്ടിചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി. യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളി. ഇതോടെ കേസ് ഒത്തുതീര്‍പ്പാക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ സാധ്യതകള്‍ മങ്ങി.

ഇന്നലെയാണ് യു.എ.ഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യത്തില്‍ വെച്ച് നാട്ടിലേക്ക് മടങ്ങാന്‍ ചെക്ക് കേസില്‍ പ്രതിയായ തുഷാര്‍ വെള്ളാപ്പള്ളി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. കേസില്‍ ജാമ്യം ലഭിക്കാനായി കോടതിയില്‍ സമര്‍പ്പിച്ച സ്വന്തം പാസ്പോര്‍ട്ട് വീണ്ടെടുത്ത് നാട്ടില്‍ പോകാനായിരുന്നു ഉദ്ദേശ്യം. സ്വദേശി പൗരന്റെ പാസ്പോർട്ട് ജാമ്യമായി സ്വീകരിക്കണോ വേണ്ടയോ എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചന അധികാരത്തിൽ പെട്ടതാണ്. ഇന്ന് അപേക്ഷ പരിഗണിച്ച ആദ്യഘട്ടത്തില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ തള്ളി. പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി കേസിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആളായിരിക്കണം എന്നാണ് ചട്ടം. ജാമ്യം നിന്ന സ്വദേശിയുടെ പ്രാപ്തി ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല എന്നാണ് സൂചന.

കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നേരത്തേ സമര്‍പ്പിച്ച തെളിവുകളും തുഷാറിന് അനുകൂലമായ തീരുമാനമെടുക്കുന്നതില്‍ വിലങ്ങുതടിയായി. ഇനി കേസ് ഒത്തുതീര്‍പ്പാക്കുകയോ വിചാരണ നേരിടുകയോ ആണ് മുന്നിലുള്ള വഴി. ഒത്തുതീര്‍പ്പ് ആവുന്നില്ലെങ്കില്‍, ജാമ്യം നീട്ടാന്‍ ശ്രമിക്കാമെങ്കിലും വിചാരണയും ശിക്ഷയും തീരുന്നത് വരെ തുഷാര്‍ യു.എ.ഇയില്‍ തുടരണം