LiveTV

Live

UAE

നാട്ടിലെത്താന്‍ പുതിയ വഴി തേടി തുഷാര്‍; സ്വദേശികളുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കാന്‍ അപേക്ഷ നല്‍കി

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ വിജയം കാണാത്ത പശ്ചാത്തലത്തിലാണ് സ്വദേശി പൗരന്‍മാരുടെ പാസ്പോര്‍ട്ടുകള്‍ ജാമ്യം നല്‍കി നാട്ടില്‍ പോയി വരാനുള്ള സാധ്യതകള്‍ തുഷാര്‍ വെള്ളാപ്പള്ളി ആരായുന്നത്.

 നാട്ടിലെത്താന്‍ പുതിയ വഴി തേടി തുഷാര്‍; സ്വദേശികളുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കാന്‍ അപേക്ഷ നല്‍കി

അജ്മാന്‍ വണ്ടിചെക്ക് കേസില്‍ ജാമ്യത്തില്‍ തുടരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, യാത്രാവിലക്ക് മറികടക്കാന്‍ പുതിയ വഴികള്‍ തേടുന്നു. യു.എ.ഇ സ്വദേശികളുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങളാണ് തുഷാര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിനായി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി.

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ വിജയം കാണാത്ത പശ്ചാത്തലത്തിലാണ് സ്വദേശി പൗരന്‍മാരുടെ പാസ്പോര്‍ട്ടുകള്‍ ജാമ്യം നല്‍കി നാട്ടില്‍ പോയി വരാനുള്ള സാധ്യതകള്‍ തുഷാര്‍ വെള്ളാപ്പള്ളി ആരായുന്നത്. യു എ ഇ നിയമത്തില്‍ അത്തരം സാധ്യതകളുണ്ട് എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി കോടതില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് ജാമ്യം നല്‍കാന്‍ സുഹൃത്തുക്കളായ യു.എ.ഇ പൗരന്‍മാര്‍ തയ്യാറായേക്കും.

തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശികളുടെ പാസ്പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ. സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണക്കും മറ്റും കോടതി വിളിപ്പിക്കുന്ന സമയങ്ങളില്‍ യു.എ.ഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശികള്‍ ഉത്തരവാദികളായിരിക്കും. ഇതിനിടയിലും നാസില്‍ അബ്ദുല്ലയെ അനുനയിപ്പിച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.