LiveTV

Live

UAE

ദുബൈ ഓഹരി വിപണിയില്‍ ഇന്ത്യക്ക് ആദരം; ഒരുമിച്ച് ആഘോഷിച്ച് പാക്-ഇന്ത്യന്‍ പ്രവാസികള്‍  

 ദുബൈ ഓഹരി വിപണിയില്‍ ഇന്ത്യക്ക് ആദരം; ഒരുമിച്ച്  ആഘോഷിച്ച് പാക്-ഇന്ത്യന്‍ പ്രവാസികള്‍  

ദുബൈ ഓഹരിവിപണി ആദ്യമായി ഇന്ത്യന്‍ സാതന്ത്ര്യദിനാഘോഷത്തിന് വേദിയായി. അതിഥിയായി എത്തിയ ഇന്ത്യന്‍ അംബാസഡറാണ് മണിമുഴക്കി സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാരത്തിന് തുടക്കമിട്ടത്. യു.എ.ഇ വിമാനത്താവളങ്ങളും സ്വാതന്ത്ര്യദിനം വര്‍ണാഭമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒന്നിച്ച് സ്വാതന്ത്യദിനം ആഘോഷിക്കുന്ന കാഴ്ചകള്‍ക്കും പ്രവാസലോകം സാക്ഷിയായി.

ഇന്ത്യന്‍ ദേശീയ പതാകയുടെയും ദേശീയഗാനത്തിന്റെയും പശ്ചാത്തലത്തിലാണ് അംബാസഡര്‍ നവ്ദീപ് സിങ് സൂറി ഇന്ന് ദുബൈ ഓഹരി വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മണിമുഴക്കിയത്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ശക്തമാകുന്ന വ്യാണിജ്യബന്ധത്തിന്റെ തെളിവാണിതെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയപതാകയും ബലുണും മധുരവും നല്‍കിയാണ് അബൂദബി വിമാനത്താവളം യാത്രക്കാരെ വരവേറ്റത്.

വിമാനത്താവളത്തില്‍ കഴിഞ്ഞ രാത്രി പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷവും അരങ്ങേറി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ മാറ്റി നിര്‍ത്തി ദുബൈയിലെ പല സ്ഥാപനങ്ങളിലും ഇന്ത്യക്കാരും പാകിസ്താനികളും ഇരു രാജ്യങ്ങളുടെയും പതാകയുള്ള കേക്ക് മുറിച്ച് മറ്റുരാജ്യക്കാര്‍ക്കൊപ്പം ഒന്നിച്ചാണ് സ്വാതന്ത്യദിനം ആഘോഷിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയുന്ന പതിവ് ഇക്കുറിയുണ്ടായില്ല. ബുര്‍ജ് ഖലീഫയിലെ സാങ്കേതിക തകരാറ് മൂലമാണിതെന്ന് അംബാസഡര്‍ അറിയിച്ചു. പാക് പതാകയുടെ വര്‍ണവും ഇക്കുറി ബുര്‍ജ് ഖലീഫയില്‍ ഉണ്ടായില്ല.