LiveTV

Live

UAE

യു.എ.ഇ ഫെഡറൽ ദേശീയ കൗൺസില്‍ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ സജീവം

2015ലേതിനേക്കാൾ ഇത്തവണ റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ 51ശതമാനത്തി​ന്‍റെ വർധനയുണ്ട്

യു.എ.ഇ ഫെഡറൽ ദേശീയ കൗൺസില്‍ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ സജീവം

യു.എ.ഇ ഫെഡറൽ ദേശീയ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഒക്ടോബറിൽ നടക്കാനിരിക്കെ, മുന്നൊരുക്കം സജീവമായി. 39 പോളിങ് സ്‌റ്റേഷനുകളായിരിക്കും ഒരുക്കുകയെന്ന്​ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വെളിപ്പെടുത്തി. മൊത്തം 3,37,738 വോട്ടർമാരാണ് യു.എ.ഇയുടെ ഈ പരിമിത ജനായത്ത പ്രക്രിയയിൽ ഭാഗമാകുക.

2015ലേതിനേക്കാൾ ഇത്തവണ റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ 51ശതമാനത്തി​ന്‍റെ വർധനയുണ്ട്​. വനിതാ അംഗങ്ങളുടെ എണ്ണം 50 ശതമാനമായി ഉയർത്താൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ അടുത്തിടെ ഉത്തരവിട്ടിരുന്നു. നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിക്കുന്നതിനു മുമ്പ് വനിതകൾക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്​ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയും അറിയിച്ചു.

രാജ്യത്തിന്‍റെ രാഷ്ട്രീയ വികസനത്തെ അത്​ ഏറെ ശക്തിപ്പെടുത്തുമെന്ന്​ യു.എ.ഇ സാംസ്‌കാരിക വൈജ്ഞാനിക വകുപ്പു മന്ത്രി നൂറ ബിന്ത് മുഹമ്മദ് അൽ കാബി അഭിപ്രായപ്പെട്ടു. എഫ്.എൻ.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അബൂദബി ഫോറിൻ കറസ്‌പോണ്ടന്‍സ് ക്ലബിലെ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അവർ.

ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ എഫ്.എൻ.സി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. താരിഖ് ഹിലാൽ ലൂത്ത, ഡോ. സയീദ് മുഹമ്മദ് അൽ ഗാഫ്‌ലി എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.