LiveTV

Live

UAE

വേൾഡ് സീനിയർ ബാഡ്മിൻറൻ; യു.എ.ഇ ടീമില്‍ ഇന്ത്യന്‍ മയം

24 പേരടങ്ങുന്ന യു.എ.ഇ ടീമിൽ 22 ഇന്ത്യക്കാർക്ക് ഇടം കിട്ടിയത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു

വേൾഡ് സീനിയർ ബാഡ്മിൻറൻ; യു.എ.ഇ ടീമില്‍ ഇന്ത്യന്‍ മയം

പോളണ്ടിൽ നടക്കുന്ന ഒമ്പതാമത് B.W.F വേൾഡ് സീനിയർ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 24 അംഗ യു.എ.ഇ ടീമില്‍ 22 ഇന്ത്യക്കാര്‍. ആഗസ്റ്റ് നാലു മുതൽ 11വരെയാണ് ചാമ്പ്യൻഷിപ്പ്.

ഇന്ത്യൻ മേധാവിത്തമുള്ള യു.എ.ഇ ടീം അബൂദബി ഇന്ത്യാ സോഷ്യൽ ആന്റ് കൾചറൽ സെന്ററിലെ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിൽ പരിശീലനം ആരംഭിച്ചു. ബി.ഡബ്ലൂ.എഫ് - വേൾഡ് സീനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2003ലാണ് തുടങ്ങിയത്. 35ന് മുകളിൽ പ്രായമുള്ളവരെയാണ് ടീമിൽ ഉൾപ്പെടുത്തുന്നത്.

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ സിംഗിൾസ്, ഡബിൾസ്, വനിതകളുടെ സിംഗിൾസ്, ഡബിൾസ് മൽസരങ്ങൾക്കു പുറമെ മിക്‌സ്ഡ് ഡബിൾസ് മത്സരങ്ങളും ഉണ്ട്. ഇവിടെ ദീർഘകാലമായി താമസിക്കുന്ന വിദേശികൾക്കും യു.എ.ഇയെ പ്രതിനിധാനം ചെയ്ത് ടീമൽ ഭാഗഭാക്കാകാം എന്ന നിയമ ഭേദഗതിയാണ് ഇന്ത്യക്കാർക്ക് തുണയായത്.

24 പേരടങ്ങുന്ന യു.എ.ഇ ടീമിൽ 22 ഇന്ത്യക്കാർക്ക് ഇടം കിട്ടിയത് വലിയ നേട്ടമായും വിലയിരുത്തപ്പെടുന്നു. ബ്രിട്ടൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് രണ്ടു താരങ്ങൾ. സ്വദേശികൾ ആരും തന്നെ ടീമിൽ ഇല്ല എന്നത് ഒരു ന്യൂനതയാണ്. ടീമിൽ ഇടം പിടിച്ചവരിൽ ഒമ്പതു പേർ അബുദാബി ഐ.എസ്.സിയിലെ താരങ്ങളാണ്.

24 അംഗ ടീമിൽ അഞ്ചു പേരെ മാറ്റി നിർത്തിയാൽ എല്ലാവരും ആദ്യമായാണ് പുറത്ത് മാറ്റുരക്കുന്നത്. വേൾഡ് ചാമ്പ്യൻഷിപ്പിൽ ജേഴ്സി അണിയാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണ് ടീം മാനേജർമാരിൽ ഒരാളായ അബ്ദുൽ ലത്തീഫ്. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ഡി. നടരാജന്റെ നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റി ടീം അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.