LiveTV

Live

UAE

യു.എ.ഇയില്‍ ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജോലി ചെയ്യാനുള്ള നിയമം വരുന്നു

ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വർക്ക് പെർമിറ്റെടുത്ത് ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നത്

യു.എ.ഇയില്‍ ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജോലി ചെയ്യാനുള്ള നിയമം വരുന്നു

യു.എ.ഇയിൽ ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്ക് ഇനി പ്രത്യേക വർക്ക് പെർമിറ്റിനു കീഴിൽ ജോലി ചെയ്യാം. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. മാനവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വർക്ക് പെർമിറ്റെടുത്ത് ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നത്. വീസകളിൽ നോട്ട് ഫോർ വർക്ക് എന്ന് സ്റ്റാംപ് ചെയ്യുമെങ്കിൽ കൂടി മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭർത്താക്കന്മാർക്കും ലഭ്യമാകും.

മാനവശേഷി സ്വദേശിവൽകരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭാര്യയുടെ സ്പോൺസർഷിപ്പിലുള്ള ഭർത്താക്കന്മാരെ ജോലിക്കു വെക്കാൻ സ്ഥാപനങ്ങൾക്കും അധികൃതർ അനുമതി നൽകി. നിയമപ്രകാരം വർക്ക് പെർമിറ്റ് നൽകി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ഇതു മുഖേന ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി സെയ്ഫ് അഹ്മദ് അൽ സുവൈദി പറഞ്ഞു.

കമ്പനികൾക്കും ഗുണകരമായിരിക്കും തീരുമാനം, കാരണം, വീസക്കായി വലിയ തുക ചെലവിടാതെ കുറഞ്ഞ ചെലവിൽ രണ്ടു വർഷത്തേക്കുള്ള വർക് പെർമിറ്റ് മാത്രം എടുത്താൽ മതിയാകും. വർക് പെർമിറ്റിനുള്ള തുക സ്പോൺസറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് മറ്റു ജോലികളിലേക്ക് മാറുന്നതിനും നിയമ തടസമുണ്ടാകില്ല.