LiveTV

Live

UAE

ദുബൈക്ക് പിന്നാലെ അബൂദബി നഗരത്തിലെ പ്രധാന റോഡുകളിലും ചുങ്കം ഏര്‍പ്പെടുത്തുന്നു

ദുബൈക്ക് പിന്നാലെ അബൂദബി നഗരത്തിലെ പ്രധാന റോഡുകളിലും ചുങ്കം ഏര്‍പ്പെടുത്തുന്നു

ദുബൈക്കു പിന്നാലെ അബുദബി നഗരത്തിലെ പ്രധാന റോഡുകളിലും ചുങ്കം ഏർപ്പെടുത്തും. ഒക്​ടോബർ 15 മുതൽ ചുങ്കം പ്രാബല്യത്തിൽവരും. അബൂദബി നഗരത്തിൽ നാലിടങ്ങളിലാണ്​ സാലിക്​ ടോൾ ഗേറ്റുകൾ സ്ഥാപിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തി. ശൈഖ്​ സായിദ്​ പാലം, ശൈഖ്​ ഖലീഫാ പാലം, മുസഫ പാലം, അല മക്​ത പാലം എന്നിവിടങ്ങളിലാണ്​ സാലിക്​ ഗേറ്റുകൾ ഏർപ്പെടുത്തുക.

തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ നാല്​ ദിർഹം ചുങ്കം ഈടാക്കും. തിരക്ക്​ കുറഞ്ഞ സമയത്തും വെള്ളിയാഴ്ചകളിലും അവധിദിവസങ്ങളിലും രണ്ട്​ ദിർഹം നൽകിയാൽ മതി. ദിവസം ഒരു വാഹനത്തിന്​ കൂടിയാൽ 16 ദിർഹം വരെ ആയിരിക്കും ചുങ്കം ഈടാക്കുക. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്​ഥരാണ്​ അബൂദബിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്​. അബൂദബി രജിസ്​ട്രേഷനുള്ള വാഹനങ്ങൾക്ക്​ ആഗസ്​റ്റ്​ മുപ്പതോടെ സാലിക്​ രജിസ്​ട്രേഷൻ പ്രക്രിയ ആരംഭിക്കാം. അബൂദബിക്ക്​ പുറത്തുള്ള വാഹനങ്ങൾ സാലിക്​ ഗേറ്റിലൂടെ കടന്നു പോകും മുമ്പ്​ രജിസ്​റ്റർ ചെയ്​തിരിക്കണം. സാലിക്​ കൂടാതെ കടന്നു പോകുന്ന അബൂദബി വാഹനത്തിന്​ പത്തു ദിവസം വരെ ഇളവ്​ ലഭിക്കും. അതിനിടയിൽ രജിസ്​ട്രേഷൻ പൂർത്തിയാക്കി ചുങ്കം നൽകിയില്ലെങ്കിൽ പിഴയൊടുക്കണം. ആദ്യദിനം നൂറും രണ്ടാം ദിനം ഇരുനൂറും മൂന്നാം ദിനം 400ഉം ആയിരിക്കും പിഴ. അബൂദബിക്കു പുറത്തുള്ള വാഹനത്തിന്​ പത്തു ദിവസത്തെ ഇളവ്​ പിന്നിട്ടാൽ നിത്യം അമ്പതു ദിർഹം എന്ന കണക്കിലായിരിക്കും പിഴ. ആംബുലൻസുകൾ, രജിസ്​റ്റർ ചെയ്​ത ടാക്​സികൾ എന്നിവയെ ചുങ്കത്തിൽ നിന്നൊഴിവാക്കും. നിലവിൽ ദുബൈയിൽ ഏഴ് സാലിക് ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.