LiveTV

Live

UAE

വിവിധ തുറകളിൽ ഉഭയകക്ഷി സഹകരണം;  പതിനാറ്​ ധാരണാപത്രങ്ങളിൽ യു.എ.ഇയും ചൈനയും ഒപ്പുവെച്ചു

വിവിധ തുറകളിൽ ഉഭയകക്ഷി സഹകരണം;  പതിനാറ്​ ധാരണാപത്രങ്ങളിൽ യു.എ.ഇയും ചൈനയും ഒപ്പുവെച്ചു

വിവിധ തുറകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുതകുന്ന പതിനാറ്​ ധാരണാപത്രങ്ങളിൽ യു.എ.ഇയും ചൈനയും ഒപ്പുവെച്ചു. ബീജിങ്ങിൽ നടന്ന ചൈന, യു.എ.ഇ സാമ്പത്തിക ഫോറം നിക്ഷേപ രംഗത്ത്​ കൂടുതൽ മുന്നേറ്റം ഉറപ്പാക്കാനും തീരുമാനിച്ചു. അയ്യായിരത്തോളം പ്രതിനിധികളാണ്​ ഫോറത്തിൽ പങ്കെടുത്തത്​.

മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിൽ എത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാ​ന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രങ്ങൾ പിറന്നത്​. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് ശൈഖ്​ മുഹമ്മദിന്റെ സന്ദർശനം.

പ്രതിരോധം, സാ​ങ്കേതികം, ഭക്ഷ്യസുരക്ഷ ഉൾപ്പെടെ പല മേഖലകളിലെയും സഹകരണത്തിന്​ അവസരം ഒരുക്കുന്നതാണ്​ ഒപ്പുവെച്ച പതിനാറ്​ ധാരണാപത്രങ്ങൾ. സുസ്​ഥിര പങ്കാളിത്തം, സുസ്​ഥിര നിക്ഷേപം എന്ന ശീർഷകത്തിലായിരുന്നു ബീജിങ്​ സാമ്പത്തിക ഫോറം സംഘടിപ്പിച്ചത്​. വാണിജ്യം, നിക്ഷേപം, എണ്ണ, ടൂറിസം, ആരോഗ്യം, പരിസ്​ഥിതി ഉൾപ്പെടെയുള്ള തുറകളിൽ സംയുക്​ത പദ്ധതികളും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതായി ബന്​ധപ്പെട്ടവർ അറിയിച്ചു. ഗൾഫ്​ മേഖലയുടെ സുരക്ഷ സംബന്​ധിച്ച കാര്യങ്ങളും ചൈനീസ്​ പ്രസിഡൻറും അബൂദബി കിരീടാവകാശിയും തമ്മിലുള്ള ചർച്ചയിൽ കടന്നു വന്നു. അറബ്​ മേഖലയിൽ യു.എ.ഇക്ക്​ ചൈന നൽകുന്ന വലിയ പ്രാധാന്യം കൂടിയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്​ ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നത്​. ബീജിങ്ങിൽ നിരവധി സാംസ്കാരിക പരിപാടികളും സന്ദർശനഭാഗമായി ഒരുക്കിയിരുന്നു. ഇതു നാലാം തവണയാണ് ശൈഖ്​ മുഹമ്മദ് ചൈന സന്ദർശിക്കുന്നത്. പോയ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് യു.എ.ഇയിൽ സന്ദർശനം നടത്തിയിരുന്നു.