LiveTV

Live

UAE

നിര്‍മ്മാണ മേഖലയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബോധവത്കരണവുമായി ദുബെെ

നിലവിലെ അവസ്ഥകൾ മനസിലാക്കാൻ പ്രത്യേക സർവേയും സമിതി നടത്തുന്നുണ്ട്.

നിര്‍മ്മാണ മേഖലയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബോധവത്കരണവുമായി ദുബെെ

നിർമാണ മേഖലയിലെ കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കാൻ വിവിധ പദ്ധതികളുമായി ദുബൈയിലെ സ്ഥിരം തൊഴിലാളി സമിതി രംഗത്ത്. അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നതിലൂടെ മാത്രമേ മികച്ച തൊഴിലുടമ, തൊഴിലാളി ബന്ധം രൂപപ്പെടുകയുള്ളൂവെന്ന്
തൊഴിലാളി സമിതി വ്യക്തമാക്കി. ആരോഗ്യകരമായ തൊഴിൽ സാഹചര്യം ഒരുക്കാനുള്ള യു.എ.ഇ സർക്കാറിന്റെ നിർദേശത്തിന്റെ വെളിച്ചത്തിലാണ്
ബോധവത്കരണം.

മനുഷ്യാവകാശം ഉയർത്തി പിടിച്ചുള്ള തൊഴിൽ സംവിധാനമാണ് യുഎ.ഇ ലക്ഷ്യമിടുന്നതെന്ന് ദുബൈ സ്ഥിരം ലേബർ സമിതിയുടെ സാരഥി മേജർ ജനറൽ ഉബൈദ്ബിൻ സുറൂർ വ്യക്തമാക്കി. നിർമാണ മേഖലയിലെ സാധാരണ തൊഴിലാളികളുടെ ബോധവത്കരണം ലക്ഷ്യമിട്ട് ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലിടങ്ങളിലെയും ലേബർ ക്യാംപുകളിലെയും സൂപ്പർവൈസർമാരെ ഉൾപ്പെടുത്തിയുള്ള ബോധവത്കരണ പരിപാടിക്ക് ഉടൻ തുടക്കം കുറിക്കും. യോഗ്യതയുള്ള പരിശീലകരെ നിയോഗിച്ചായിരിക്കും ബോധവത്കരണം. ഇംഗ്ളീഷ്, അറബിക്, ഉറുദു, ഹിന്ദി എന്നീ ഭാഷകളിലാണ് ബോധവത്കരണ പരിപാടികൾ നടക്കുന്നത്.

ഈ വർഷം മാത്രം ആറായിരത്തിലേറെ നിർമാണ തൊഴിലാളികൾക്കാണ്
ബോധവത്കരണം നടത്തിയത്. അവകാശ സംരക്ഷണം, യുഎഇ നിയമങ്ങൾ, സംസ്കാരം, തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷാ അവബോധം എന്നീ കാര്യങ്ങളിലാണ് ബോധവത്കരണം.

നിലവിലെ അവസ്ഥകൾ മനസിലാക്കാൻ പ്രത്യേക സർവേയും സമിതി നടത്തുന്നുണ്ട്. രാജ്യത്തെ തൊഴിലാളികളുടെ താമസ സ്ഥലം, അവരുമായി ബന്ധപ്പെട്ട വകുപ്പുകൾ, ആരോഗ്യ, സുരക്ഷാ നടപടികൾ, യുഎഇയിലെ പെരുമാറ്റങ്ങളെകുറിച്ച ജ്ഞാനം എന്നിവ സംബന്ധിച്ചാണ് സർവേയിലെ പ്രധാന ചോദ്യങ്ങൾ.