LiveTV

Live

UAE

അതിവേഗ ലെെസന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി അബൂദബി

അതിവേഗ ലെെസന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി അബൂദബി

അബൂദബി ഡിജിറ്റൽ അതോറിറ്റിയുമായി സഹകരിച്ച് അബൂദബി ഊർജ വകുപ്പ് അതിവേഗ ലൈസൻസ് സേവനങ്ങൾ ലഭ്യമാക്കും. എമിറേറ്റിലെ ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയുള്ള സംവിധാനം 'ടാം' കേന്ദ്രങ്ങൾ മുഖേനയാണ് നടപ്പാക്കുക.

ജല ഉൽപാദനം, സംസ്കരണം, ജലത്തിൽനിന്ന് ഉപ്പ് വേർതിരിക്കൽ, വൈദ്യുതി ഉൽപാദനം, മലിനജല സംഭരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഇത്തരത്തിൽ ലൈസൻസ് അനുവദിക്കുക.

അബൂദബിയിലെ യോഗ്യമായ ബിസിനസുകൾക്ക് രണ്ട് വർഷത്തെ സൗജന്യ ലൈസൻസ് ഒരു പ്രവൃത്തി ദിവസം കൊണ്ട് അനുവദിക്കുമെന്ന്
ഊർജ വകുപ്പ് ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ചെറുകിട ഊർജ സ്ഥാപനങ്ങൾക്ക് വേഗത്തിലുള്ളതും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമാക്കുന്നത്.

ലൈസൻസ് ലഭിക്കാനുള്ള നടപടികൾ സുഗമമാക്കുകയും ബിസിനസ്
പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്ന അബൂദബിയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഊർജ വകുപ്പിലെ ലെെസൻസിങ്
സെക്ഷൻ മേധാവി ഹമദ് അൽ അമീരി പറഞ്ഞു.

വിദേശ നിക്ഷേപകരെ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിൻെറ ബിസിനസ് രംഗം ശാക്തീകരിക്കാനും നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനിടെയാണ്
പുതിയ നീക്കവുമുണ്ടായിരിക്കുന്നത്. 13 മേഖലകളിൽ സമ്പൂർണ വിദേശ ഉടമാവകാശം അനുവദിച്ച് ഈയിടെയാണ് യു.എ.ഇ മന്ത്രിസഭ ഉത്തരവിട്ടത്.

1500ഓളം ഫെഡറൽ സർക്കാർ സേവനങ്ങളുടെ ഫീസ് കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തത് ഇതിന് പിന്നാലെയാണ്. നിക്ഷേപകരെയും ബിസിനസുകാരെയും ആകർഷിക്കുന്നതിന് വേണ്ടി വിസ നിയമത്തിലും വിവിധ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.