LiveTV

Live

UAE

ഭീകരതയ്ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ

ഭീകരതയ്ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ

ഭീകരതയ്ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യും യു.എ.ഇയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രതിരോധ, സുരക്ഷാ മേഖലകളിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കും. സംയുക്​ത സൈനികാഭ്യാസം കൂടുതൽ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്​.

വിവിധ തുറകളിൽ ഇരുരാജ്യങ്ങളും കൂടുതൽ അടുത്ത സഹകരണം രൂപപ്പെടുത്താനാണ്​ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കർ എന്നിവരുമായി കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ ചർച്ചയിലാണ്​ ഇതു സംബന്ധിച്ച തീരുമാനം. ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്നയും ചർച്ചയിൽ പങ്കെടുത്തു.

ഞായറാഴ്ച ഇന്ത്യയിലെത്തിയ ശൈഖ്​ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ദൽഹിയിലെ വ്യവസായികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരുമായും ചർച്ചകൾ നടത്തി. പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി സംയുക്ത പരിശീലനം, വ്യായാമങ്ങൾ, പങ്കാളിത്തം, പ്രതിരോധ പ്രദർശനങ്ങൾ എന്നിവക്കും ധാരണയായി.

ഊർജരംഗത്തെ തന്ത്രപ്രധാന സഹകരണം വ്യാപിപ്പിക്കുന്നതും പ്രധാനമാണ്​. ഇന്ത്യയിലെ എണ്ണ, പെട്രോകെമിക്കൽ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുമെന്ന് യു.എ.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യേതര ഊർജരംഗത്തും ഇരു രാജ്യങ്ങളും വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അബൂദബിയിൽ ​അ​ഡ്​നോകുമായി സഹകരിച്ച്​ എണ്ണ ഖനനത്തിന് നൂറ്​ ശതമാനം ഓഹരി പങ്കാളിത്തമുള്ള സുപ്രധാന കരാറിൽ നേരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഉൾപ്പെട്ട കൺസോർഷ്യം ധാരണ രൂപപ്പെടുത്തിയിരുന്നു. ശൈഖ്​ അബ്ദുല്ലയുടെ സന്ദർശനത്തിന്റെ തുടർച്ചയായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ യു.എ.ഇ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്​.